റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസ്; അഖിലിനെ  ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്-കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി നടപടി. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയില്‍ വിട്ടത്.
മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അഖിലിനൊപ്പം ഖത്തറില്‍ നിന്ന് എത്തിയ റഷ്യന്‍ യുവതിയെ പരുക്കേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അഖില്‍ നടത്തിയ കൊടിയ പീഡനങ്ങളുടെ കഥ യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് അന്ന് തന്നെയാണ് കൂരാച്ചുണ്ട് സ്വദേശിയായ അഖില്‍ അറസ്റ്റിലാകുന്നത്. ആഖില്‍ ലഹരിക്ക് അടിമയെന്നാണ് റഷ്യന്‍ യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിക്രൂര ലൈംഗിക പീഡനവും മര്‍ദനവും നേരിട്ടതായും യുവതി പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയില്‍ കൈ  കാല്‍ മുട്ടുകള്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കാന്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പാസ്പ്പോര്‍ട്ട് വലിച്ചു കീറി എറിഞ്ഞതായും മൊബൈല്‍ നശിപ്പിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Latest News