Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിനു നിയമ വ്യവസ്ഥയില്‍ വിശ്വാസം-കെ.സി.വേണുഗോപാല്‍ എം.പി

കല്‍പറ്റ-കോണ്‍ഗ്രസിനു രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി രാഷ്ടീയ ഗൂഢാലോചനയുടെ ഫലമെങ്കില്‍ അപ്പീല്‍ കോടതിയില്‍നിന്നു രാഹുല്‍ഗാന്ധിക്കു നീതി കിട്ടുമെന്നു പ്രതീക്ഷയുണ്ടോ എന്ന  ചോദ്യത്തോടു  ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടതികൊണ്ട് എല്ലാം അവസാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. കേസില്‍ നിയമത്തിന്റെ എല്ലാ വശങ്ങളും നോക്കി മുന്നോട്ടുപോകും. ഇതിനായി പ്രമുഖ അഭിഭാഷകരടങ്ങുന്ന ലീഗല്‍ ടീം രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി അപ്പീല്‍ നല്‍കും. 

*ആസൂത്രിത ഗുഢാലോചന
രാഹുല്‍ഗാന്ധിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. അദ്ദേഹം ഇനി പാര്‍ലമെന്റില്‍ മിണ്ടേണ്ട എന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് വയനാട്ടിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. 
രാഹുല്‍ഗാന്ധി നേരിട്ട അനീതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ഫാസിസ്റ്റ് നടപടിക്കെതിരായ പോരാട്ടമുഖത്താണ്. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയ അധികാരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് രാഹുല്‍ഗാന്ധിക്കെതിരായ നടപടികള്‍ക്ക് ആധാരം. ജനങ്ങള്‍ നല്‍കിയ അവകാശം  ഉപയോഗിച്ച് പാര്‍മെന്റില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി അദാനി കുംഭകോണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പണക്കാരനായി ആറേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദാനി വളരാനിടയായ സാഹച്യങ്ങളെക്കുറിച്ചാണ് രാഹുല്‍ഗാന്ധി ചോദിച്ചത്. പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ച്  മൂന്നു ദിവസത്തിനകമാണ് അപകീര്‍ത്തി കേസില്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ പിന്‍വലിച്ചത്. കേസിന്റെ വിചാരണ 26 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.

*രാഹുല്‍ സത്യം വിളിച്ചുപറയും
മോഡി അയോഗ്യനാക്കാനും  ജയിലില്‍ അടയ്ക്കാനും കരിനിയമങ്ങള്‍ ഉപയോഗിച്ച് നിരന്തരം വേട്ടയാടാനും  എത്ര  ശ്രമിച്ചാലും രാഹുല്‍ഗാന്ധി സത്യം വിളിച്ചുപറയാന്‍ നിലകൊണ്ടേയിരിക്കും. മോഡിയുടെ പേടിപ്പിക്കല്‍  രാഹുല്‍ഗാന്ധി എന്ന രാഷ്ടീയ നേതാവിനു മുന്നില്‍ വിലപ്പോകില്ല. രാഹുല്‍ഗാന്ധിക്കെതിരായ നടപടിയെ അപലപിക്കാന്‍ 19 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു രംഗത്തുവന്നു.  
ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിനും  അദാനി-മോദി ബന്ധം തുറന്നുകാട്ടുന്നതിനും  'സത്യമേവ ജയതേ ജയ് ഭാരത് സത്യഗ്രഹം' എന്ന പേരില്‍ ദേശവ്യാപക പ്രക്ഷോഭവും കാമ്പയിനും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോക്ക് തലങ്ങളില്‍ 10 വരെയും ജില്ലാതലങ്ങളില്‍ 20 വരെയും സംസ്ഥാനതലങ്ങളില്‍ 20 മുതല്‍ 30 വരെയുമാണ് ജയ് ഭാരത് സത്യഗ്രഹം. ഈ മാസം മൂന്നാം വാരം ഡല്‍ഹിയില്‍ നടത്തുന്ന സത്യഗ്രഹത്തില്‍  പാര്‍ട്ടിക്ക് പുറത്തുള്ളവരടക്കം ലക്ഷക്കണക്കിനു ജനാധിപത്യ വിശ്വാസികളെ അണിനിരത്തും. സഹകരിക്കാന്‍ തയാറുള്ള മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയു കൂട്ടിയോജിപ്പിച്ചായിരിക്കും കാമ്പയിന്‍. 

*2024 തെരഞ്ഞെടുപ്പിനു മുമ്പ് ദേശീയ മുന്നണി
ദേശീയ ജനനാധിപത്യ സഖ്യത്തെ ഫലപ്രദമായി നേരിന്നതിന്  2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ദേശീയ മുന്നണി എന്ന ആശയവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. മോഡി സര്‍ക്കാരിനെ വലിച്ചുതാഴെയിടുന്നതിലാണ് കോണ്‍ഗ്രസ് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. ഇതിനായി ഏതു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയാറാണെന്ന് രാഹുല്‍ഗാന്ധിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒരുപോലെ രാജ്യത്തെ രാഷ്ടീയ സാഹചര്യങ്ങളെ ഉത്കണ്ഠയോടെയാണ് കാണുന്നത്.  മോഡി ഭരണത്തിനെതിരായ പോര്‍മുഖത്ത് എല്ലാ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളും ഉണ്ടാകും. രാജ്യം മുഴുവന്‍ വൈകാരിക അന്തരീക്ഷത്തിലാണ്. 

*പ്രദേശിക പ്രശ്നങ്ങള്‍ പ്രാദേശികമായി പരിഹരിക്കും
പാര്‍ട്ടി പ്രാദേശിക ഘടകങ്ങളിലെ പ്രശ്നങ്ങള്‍ പ്രാദേശികമായിത്തന്നെ പരിഹരിക്കുമെന്ന്, ഒന്നിച്ച് നില്‍ക്കാനും നിര്‍ത്താനും അറിയാത്ത നേതാക്കളെ ഏങ്ങനെ കൈകാര്യം ചെയ്യാനാണ്  പദ്ധതിയെന്ന ചോദ്യത്തോട്  വേണുഗോപാല്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഗത്ഭരായ നേതാക്കള്‍  പാര്‍ട്ടിക്ക് ഓരോ സംസ്ഥനത്തും ഉണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ പറയാനില്ലെന്നു അദ്ദേഹം പറഞ്ഞു. 

*കര്‍ണാടകയില്‍ കോണ്‍സ്ര് അധികാരത്തില്‍ തിരിച്ചുവരും
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബഹുഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. അവിടെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമാണെന്ന  പ്രചാരണത്തില്‍ കഴമ്പില്ല. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലിംഗായത്ത്, വൊക്കലിംഗ സംവരണ വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണകരമാകും. തെരെഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടത്തുന്ന പരീക്ഷണങ്ങളുടെ സദുദ്ദേശ്യത്തെ ജനം ചോദ്യം ചെയ്യുകതന്നെ ചെയ്യും. ജനങ്ങളെ ജാതിയമായി തമ്മിലടിപ്പിക്കാനാണ് കര്‍ണാടക ഭരണകൂടം ശ്രമിക്കുന്നത്. മുസ്ലിംകള്‍ക്ക് നല്‍കിയിരുന്ന നാലു ശതമാനം സംവരണം രണ്ടു സമുദായങ്ങള്‍ക്കു വീതിച്ചുനല്‍കിയത് തെറ്റായ നടപടിയാണ്. ലിംഗായത്ത്, വൊക്കലിംഗ് വിഭാഗങ്ങള്‍ ചോദിച്ചതല്ല സര്‍ക്കാര്‍ നല്‍കിയത്. 

*പ്രകടനത്തിനിടെ കുഴപ്പമുണ്ടാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ നില്‍ക്കാന്‍ അവകാശമില്ല
രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്‍പറ്റയില്‍ നടത്തിയ പ്രകടനത്തിനിടെ ഉണ്ടായ  വാക്കേറ്റവും കൈയാങ്കളിയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'അങ്ങനെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ നില്‍ക്കാന്‍ അവകാശം ഇല്ലെന്ന്' എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രശ്നം ഉണ്ടാക്കിയവര്‍ എത്ര ഉന്നതരായാലും നടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരയ കെ.കെ.അബ്രഹാം, ആര്യാടന്‍ ഷൗക്കത്ത്, എ.ഐ.സി.സി അംഗം പി.കെ.ജയലക്ഷ്മി, കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ.വിശ്വനാഥന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. 

പടം-കെസി--------
കെ.സി.വേണുഗോപാല്‍ എംപി കല്‍പറ്റിയില്‍ വാര്‍ത്താസമ്മേളനത്തില്‍.

Latest News