കലോത്സവത്തിലെ മുസ്‌ലിം വേഷമിട്ട തീവ്രവാദി,  പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടര്‍ക്കെതിരെ കേസെടുത്തു  

കോഴിക്കോട്- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ വിവാദ വേഷധാരണത്തില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിര്‍ദ്ദേശപ്രകാരമാണ് മതസ്പര്‍ധ ഐ പി സി 153 എ വകുപ്പ് ചുമത്തി മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ക്കും കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരെ കേസെടുത്തത്.സ്വാഗതഗാനത്തില്‍ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദമായത്. ഇതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. തുടര്‍ന്നാണ് അനൂപ് കോടതിയെ സമീപിച്ചത്.സംസ്ഥാന  സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന് മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ലെന്ന് മുന്‍പ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സി പി എമ്മും ലീഗും ഉള്‍പ്പെടെ മാതാ പേരാമ്പ്രയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിവാദമായ ദൃശ്യാവിഷ്‌കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു വിവാദ ദൃശ്യാവിഷ്‌കാരം നടന്നത്.
 

Latest News