ഗുജറാത്തില്‍ മോഡിക്കെതിരെ  പോസ്റ്റര്‍; എട്ട് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുജറാത്തില്‍ പോസ്റ്റര്‍. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോഡിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'മോഡി ഹഠാവോ ദേശ് ബച്ചാവോ' എന്നാണ് പോസ്റ്ററിലുള്ളത്.  മോഡിക്കെതിരെ പോസ്റ്ററുകള്‍ പതിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപകമായി പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പോലീസിനെ ഉദ്ധരിച്ച്  എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
എഎപിയുടെ ''മോഡി ഹഠാവോ, ദേശ് ബച്ചാവോ'' കാമ്പയിന്‍ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

Latest News