ഒരു വര്‍ഷം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം തമിഴ്‌നാട്ടിലും

ചെന്നൈ- തമിഴ്‌നാട്ടിലും വൈക്കം സത്യഗ്രഹ ശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ഐഘോഷിക്കുമെന്ന് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു. പെരിയോര്‍ ഇ. വി രാമസ്വാമി നായ്ക്കറുടെ സ്മരണാര്‍ഥം അരുവിക്കുറ്റിയില്‍ സ്മാരകം പണിയുമെന്നും സ്്റ്റാലിന്‍ അറിയിച്ചു. 

സത്യഗ്രഹ സ്മരണയുടെ ഭാഗമായി പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കാനുള്ള നീക്കങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നടത്തും. നവംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു. വൈക്കം അവാര്‍ഡ് എന്ന പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താനും തമിഴ്നാടിന് പുറത്ത് പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് മാറ്റം ഉണ്ടാക്കിയവരെ കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക നീതി ദിനമായ സെപ്തംബര്‍ 17ന് അവാര്‍ഡ് സമ്മാനിക്കും. 

വൈക്കത്ത് പെരിയാറിന്റെ സ്മരണാര്‍ഥം നിര്‍മ്മിച്ച സ്മാരകം 8.14 കോടി ചെലവില്‍ പുതുക്കി പണിയുമെന്നും തമിഴ്‌നാട് പ്രഖ്യാപിച്ചു. സര്‍വ്വകലാശാലകളും കോളേജുകളും കേന്ദ്രീകരിച്ച് സെമിനാര്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ പങ്കുവെച്ച് ക്വിസ്സ്, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 64 പേജുള്ള പുസ്തകം തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്റ് എഡ്യൂക്കേഷനല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അച്ചടിച്ച് പുറത്തിറക്കുമെന്നും സ്റ്റാലിന്‍ സഭയില്‍ അറിയിച്ചു.

Latest News