കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ചുകൊന്ന് 53 കാരി

ഹൂസ്റ്റണ്‍ -  ഫുഡ് ട്രക്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവിനെ  53 വയസ്സുകാരി വെടിവെച്ചുകൊന്നു.  ഹൂസ്റ്റണ്‍  ബെല്‍റ്റ്വേ 8 ലെ സൗത്ത് മെയിന്‍ സ്ട്രീറ്റിലെ പാര്‍ക്കിങ് ലോട്ടിലാണ് സംഭവം.  ഫുഡ് ട്രക്കിലെ പാചകക്കാരിയാണ് 53 കാരിയായ ടര്‍ണര്‍. ഇവരും  കുടുംബവും 2020 ലാണ് എലൈറ്റ് ഈറ്റ്‌സ് എന്ന പേരില്‍  ഫുഡ് ട്രക്ക് ആരംഭിച്ചത് .
ഉച്ചക്ക് ഒരു മണിയോടെ യുവാവ്  ട്രക്കിലേക്ക് കയറി. എന്താണ് വിളമ്പുന്നതെന്ന് ചോദിച്ചു. ടര്‍ണര്‍ ഭക്ഷണ സാധനങ്ങള്‍  കാണിച്ചപ്പോള്‍, യുവാവ്  തോക്ക് പുറത്തെടുത്തു. പെട്ടെന്ന്  ജനല്‍ അടയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും  യുവാവ് പിന്‍വശത്തുള്ള ട്രക്കിന്റെ ഡോര്‍  തുറന്ന് ടര്‍ണര്‍ക്കു നേരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. ഇയാള്‍ വെടിവെക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ടര്‍ണര്‍ തോക്കെടുത്തു യുവാവിനെ  പലതവണ വെടിവച്ചു. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു. സ്വയം പ്രതിരോധത്തിനായി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ടര്‍ണര്‍ക്ക് ലൈസന്‍സുള്ള തോക്കുണ്ട്.

 

Latest News