ജിദ്ദ - അവിഹിതബന്ധത്തില്‍ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ യുവാവിനെതിരായ കേസ് കോടതി തള്ളി. യുവാവിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കിയ കേസ് ജിദ്ദ ക്രിമിനല്‍ കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധി കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ശരിവെച്ചു. തുല്യപ്രതിയായ പെണ്‍കുട്ടിയെ ഒഴിവാക്കി യുവാവിനെതിരെ മാത്രം പബ്ലിക് പ്രോസിക്യൂഷന്‍ നിയമ നടപടി സ്വീകരിച്ചതിനാലാണ് കേസ് കോടതി തള്ളിയത്.
പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാനാണ് പെണ്‍കുട്ടിയെ കേസില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഒഴിവാക്കിയത്. രണ്ടു പേര്‍ക്കുമെതിരായ കേസ് കോടതിക്ക് കൈമാറേണ്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിമിനല്‍ കോടതി കേസ് തള്ളിയത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് അവിഹിതം നടന്നതെന്ന കാര്യവും ശിക്ഷ നടപ്പാക്കുന്നതില്‍ നിയമം സത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ വേര്‍തിരിവും കാണിക്കുന്നില്ലെന്ന കാര്യവും വിധിക്ക് ഉപോല്‍ബലകമായി കോടതി ചൂണ്ടിക്കാട്ടി.
പ്രസവവേദനയെ തുടര്‍ന്ന് കൗമാരക്കാരിയെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവാവുമായുള്ള അവിഹിതബന്ധത്തിലാണ് ഗര്‍ഭിണിയായതെന്ന് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മൊഴിനല്‍കിയത് തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് ആരോപണം നിഷേധിച്ചെങ്കിലും നവജാതശിശുവിന്റെ പിതാവ് യുവാവ് തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിയുകയായിരുന്നു.