Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിൽ ഫ്യൂഡൽ മാടമ്പിമാർ; എതിരെ ശബ്ദിച്ചാൽ സഭയിൽനിന്ന് പുറത്താക്കും, ഇ.ഡിയും സി.ബി.ഐയും വരുമെന്നും മമത

- ഗോധ്രയിലും ഡൽഹിയിലും നടന്നത് വംശഹത്യയെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

കൊൽക്കത്ത - ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് ബി.ജെ.പി പെരുമാറുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിനോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
 ധർണ റിപ്പോർട്ട് ചെയ്യരുതെന്നാണ് ബി.ജെ.പി വാർത്താചാനലുകൾക്ക് നൽകിയ നിർദേശം. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ബി.ജെ.പി ജനാധിപത്യ സംവിധാനത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. എൽ.ഐ.സിയെ കേന്ദ്രം അദാനിക്ക് വിറ്റു. അവർക്കെതിരെ സംസാരിച്ചാൽ നിങ്ങൾ സഭയിൽനിന്ന് പുറത്താക്കപ്പെടും. ഇ.ഡിയും സി.ബി.ഐയും അന്വേഷിച്ചു വരും. തന്റെ വിദേശപര്യടനത്തിനിടെ ഡോളറുകൾ വാരിവിതറി തനിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആളെ ഏർപ്പെടുത്തി. ബംഗാളിൽ വംശഹത്യ നടക്കുന്നുവെന്ന് പറഞ്ഞാണ് തനിക്കെതിരെ പ്രതിഷേധിക്കാൻ ആളെ വിട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
 എന്താണ് വംശഹത്യയെന്ന് നിങ്ങൾ മനസിലാക്കണം. അതാണ് ഗോധ്രയിൽ സംഭവിച്ചത്. അതാണ് ബിൽക്കീസ് ബാനുവിനെതിരെ നടന്നത്. എൻ.ആർ.സി-സി.എ.എ വിരുദ്ധ പ്രക്ഷോഭ സമയത്ത് ഡൽഹിയിൽ കണ്ടതും വംശഹത്യയാണെന്ന് മമത വ്യക്തമാക്കി.
 ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച് ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ബംഗാളിന് അവകാശപ്പെട്ട ജി.എസ്.ടി വിഹിതം കേന്ദ്രം കവരുകയാണ്. അവർ നമ്മെ ദേശവിരുദ്ധരെന്ന് വിളിക്കുന്നു. അവർ മാത്രമാണ് രാജ്യസ്‌നേഹികളെന്നും നമ്മൾ ദേശവിരുദ്ധരാണെന്നുമാണ് അവർ കരുതുന്നത്. എന്നാൽ നമ്മൾ അതിനെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും മമത ഓർമിപ്പിച്ചു.
 

Latest News