Sorry, you need to enable JavaScript to visit this website.

യു.പി.ഐ ഇടപാടുകൾക്ക് ഫീസ് വരുന്നു

യു.പി.ഐ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്ക് ഫീസ് വരുമെന്ന സൂചന നൽകി ഏപ്രിൽ ഒന്നു മുതൽ ഇന്റർചേഞ്ച് ഫീസ് പ്രാബല്യത്തിൽ വരുന്നു. ഇപ്പോൾ തന്നെ ചില ഫിൻ ടെക് കമ്പനികൾ ഉപയോക്താക്കളിൽനിന്ന് സേവനങ്ങൾക്ക് തുക ഈടാക്കുന്നുണ്ടെങ്കിലും അതിന് യു.പി.ഐ ചാർജുമായി ബന്ധമില്ല. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന  യു.പി.ഐ ഫീസ് ഈടാക്കൽ ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ലെങ്കിലും ഘട്ടം ഘട്ടമായി  ഏതു യു.പി.ഐ ഇടപാടുകൾക്കും ഫീസ് കൊടുക്കുന്ന അവസ്ഥയിലേക്ക് മാറും.  


യു.പി.ഐ ഇടപാടുകൾ സംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ഏപ്രിൽ ഒന്നു മുതൽ യു.പി.ഐ വഴി നടത്തുന്ന മർച്ചന്റ് പേയ്‌മെന്റുകൾക്ക് പി.പി.ഐ (പ്രീപെയഡ് പെയ്‌മെന്റ് ഇൻസ്ട്രമെന്റ് ) ഇന്റർചേഞ്ച് ഫീസ് ഈടാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് തൽക്കാലം ഉപയോക്താക്കളെ ബാധിക്കില്ല.
ഓൺലൈൻ വാലറ്റുകളോ, പ്രീലോഡ് ചെയ്ത ഗിഫ്റ്റ് കാർഡുകളോ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐ) വഴി നടത്തുന്ന 2,000 രൂപയിൽ കൂടുതലുള്ള ഏത് യു.പി.ഐ ഇടപാടിനും ഇന്റർചേഞ്ച് ഫീസ് ഈടാക്കും. ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചെലവുകൾ വഹിക്കുന്നതിന് പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ പേയ്‌മെന്റ് സേവന ദാതാക്കൾ ബാങ്കുകൾക്ക് നൽകേണ്ട ഫീയാണ് ഇന്റർചേഞ്ച് ഫീസ്.


ബാങ്കും പ്രീപെയ്ഡ് വാലറ്റും തമ്മിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തി-വ്യാപാരി ഇടപാടുകൾക്കോ ഈ ഫീസ് ബാധകമല്ല. യു.പി.ഐ സേവനദാതാക്കളെയാണ് ഇന്റർചേഞ്ച് ഫീസ് ബാധിക്കുക. 
ആദ്യ ഘട്ടത്തിൽ ഇതിന്റെ ഗുണഭോക്താക്കൾ ബാങ്കുകളായിരിക്കും. രണ്ടാം ഘട്ടത്തിൽ ഫിൻ ടെക് കമ്പനികൾക്കും ഇതിന്റെ ആദായം ലഭിച്ചു തുടങ്ങും. ആ സമയത്ത് വ്യക്തികൾ ഇതിന്റെ ബാധ്യത വഹിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 
പി.പി.ഐ വഴി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 1.1ശതമാനമാണ് ഇന്റർചേഞ്ച് ഫീസ്. വാലറ്റ് ലോഡിങ് ചാർജുകളും ഉണ്ടാകും. പേടിഎം പോലുള്ള കമ്പനികൾ വാലറ്റ് ലോഡിങ് ചാർജായി 15 ബേസിസ് പോയിന്റു നിരക്കിൽ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ബാങ്കിലേക്ക് അടക്കേണ്ടി വരും. 2,000 രൂപയിൽ കൂടുതൽ ലോഡ് ചെയ്താൽ ബാങ്കിന് ഇന്റർചേഞ്ച് ഫീസ് നൽകേണ്ടിവരുമെന്നർഥം.
വ്യാപാരികളുടെ പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് നിരക്കുകൾ വ്യത്യാസപ്പെടുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചില വ്യവസായങ്ങൾക്ക്, ഇടപാട് മൂല്യത്തിന്റെ 0.50 ശതമാനം മുതൽ 1.10 ശതമാനം വരെയാണ് നിരക്ക്. 

Latest News