Sorry, you need to enable JavaScript to visit this website.

പ്രവാസികൾ പ്രവാസികൾക്ക് കൈത്താങ്ങാവുക

കോവിഡ് ആശങ്കകളെല്ലാം ഏതാണ്ട് പരിപൂർണമായും അകന്ന ശേഷം കടന്നു വന്ന റമദാനെ പ്രവാസികളും പ്രവാസ ലോകവും ആത്മീയോത്കർഷത്തോടെയും പരസ്പര സഹായത്തിന്റെയും സൗഹാർദത്തിന്റെയും സുദിനങ്ങളായും വരവേറ്റിരിക്കുകയാണ്. ഉയർന്ന ജീവിതച്ചെലവ് തീർത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സമൂഹ നോമ്പുതുറകളാലും പരസ്പര സഹായ പദ്ധതികളാലും പ്രവാസ ലോകം സജീവമാണ്. 
ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ജി.സി.സിയിലെ പല രാജ്യങ്ങളും സർക്കാർ തലത്തിലും വൻ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൽ യു.എ.ഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതി ഇതിനകം തന്നെ ലോക ശ്രദ്ധേയമായിക്കഴിഞ്ഞു. പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ചക്കകം 25 കോടി ദിർഹം സമാഹരിക്കാനായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ബൃഹദ്കാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്.  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അർഹരായവരെ കണ്ടെത്തി ഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിൽ ലോകത്ത്  എവിടെയുള്ളവർക്കും വൺ ബില്യൺ മീൽസ് കാമ്പയിൻ വെബ്സൈറ്റിലൂടെ സഹായം നൽകി പങ്കാളികളാവാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കുറഞ്ഞത് പത്തു ദിർഹം പോലും സംഭാവനയായി നൽകാം. ഏറ്റവും കുറഞ്ഞ വരുമാനക്കാരെ പോലും ഇതിൽ ഭാഗഭാക്കാവാൻ സഹായിക്കുന്നതാണ്. 
മലയാളി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി 10 ദശലക്ഷം ദിർഹം (22 കോടി രൂപ) ആണ് ഇതിലേക്ക് സംഭാവന നൽകിയത്. മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗം എന്നായിരുന്നു സംഭാവനയെ യൂസഫലി വിശേഷിപ്പിച്ചത്. അതുപോലെ മറ്റു ഒട്ടേറെ പ്രമുഖ വ്യവസായികളും സാധാരണക്കാരും പദ്ധതിയിലേക്ക് സംഭാവന നൽകി വരികയാണ്.  പുണ്യമാസത്തിന്റെ പവിത്രത കാത്തു സൂക്ഷിച്ച് ദൈവപ്രീതി കാംക്ഷിച്ച് പ്രയാസമനുഭവിക്കുന്നവരിലേക്ക് ആശ്വാസമെത്തിക്കുകയെന്ന മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഉദാര മനസ്‌കർ ഇതിൽ കൈകോർക്കുന്നത്. 
കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്ക് ഈ പദ്ധതി പ്രകാരം യു.എ.ഇ ക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു. 2030 ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു.എൻ ലക്ഷ്യത്തിനുള്ള പിന്തുണ കൂടിയാണ് ഈ പദ്ധതി. റമദാനിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടന്നു വരുന്ന സഹായ പദ്ധതികളിൽ ഒന്നു മാത്രമാണിത്. സൗദി അറേബ്യയും അതുപോലെ മറ്റു ഗൾഫ് രാജ്യങ്ങളും റമദാനിലും അല്ലാത്തപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായമെത്തിക്കുന്നതിൽ എന്നും മുന്നിലാണ്. പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ ദുരിതബാധിതർക്ക് വൻ സഹായമാണ് ഈ രാജ്യങ്ങൾ എത്തിച്ചു നൽകാറുള്ളത്. തുർക്കി ഭൂകമ്പബാധിതർക്ക് സൗദി അറേബ്യ കോടിക്കണക്കിനു റിയാലിന്റെ സഹായമാണ് എത്തിച്ചു നൽകിയത്. അതിപ്പോഴും തുടരുകയാണ്. രാജ്യങ്ങൾ അതിവിപുലമായ തോതിൽ സഹായ പദ്ധതികൾ നടപ്പാക്കുമ്പോൾ വ്യക്തികളും സംഘടനകളും പ്രാദേശിക തലത്തിലും തങ്ങളെക്കൊണ്ടാവുന്ന സഹായങ്ങൾ എത്തിച്ചു നൽകുന്ന മാസം കൂടിയാണിത്. അതിൽ എക്കാലവും മുന്നിട്ടു നിൽക്കാറുള്ളത് പ്രവാസ ലോകവും പ്രവാസികളുമാണ്.  
ഇക്കാര്യത്തിൽ മലയാളികളുടെയും മലയാളി സംഘടനകളുടെയും പ്രവർത്തനങ്ങൾ ഒരുപടി മുന്നിലാണ്. കേരളത്തിലെ പല സ്ഥാപനങ്ങളുടെയും നിലനിൽപു തന്നെ പ്രവാസികളെ ആശ്രയിച്ചാണ്. അതുപോലെ രോഗികളെയും അശരണരെയുമെല്ലാം സഹായിക്കുന്നതിലും പ്രവാസി സംഘടനകൾ മറ്റു സംഘടകൾക്കു മാതൃകയാണ്. 
ഉദാരതയുടെ മാസമായ പരിശുദ്ധ റമദാനിലാണ് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്നത്. ഒട്ടുമിക്ക സംഘടനകളും അതിനു ആരംഭം കുറിച്ചു കഴിഞ്ഞു. എല്ലാ റമദാനിലും ലക്ഷക്കണക്കിനു രൂപയുടെ സഹായമാണ് പ്രവാസ ലോകത്തുനിന്നും കേരളത്തിൽ എത്താറുള്ളത്. കോവിഡിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നും പ്രവാസ ലോകത്തെ തൊഴിൽ പ്രതിസന്ധിയെത്തുടർന്നുമെല്ലാം മുൻ വർഷങ്ങളെ അപേക്ഷച്ച് ഇപ്പോൾ അതിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്നും നാട്ടിലെ അധിക സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ആശ്രയിക്കുന്നത് പ്രവാസികളെ തന്നെയാണ്. മറ്റുള്ളവരുടെ പ്രയാസങ്ങൾ എളുപ്പം മനസ്സിലാക്കാനും സഹായിക്കാനും പ്രവാസികൾ കാണിക്കുന്ന ശുഷ്‌കാന്തിയും ഉദാരതയുമാണ് ഇതിനു കാരണം. 
എല്ലാ റമദാനിലുമെന്ന പോലെ ഈ റമദാനിലും അതിനുള്ള     ഒരുക്കങ്ങൾ പ്രവാസി സംഘടനകൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടെയും സർക്കാർ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രങ്ങളുടെയും പാലിയേറ്റീവ് സെന്ററുകളുടെയുമെല്ലാം ജീവവായു പ്രവാസി സംഘടനകളാണ്. 
റമദാനിൽ സ്വരൂപിക്കുന്ന ഫണ്ടാണ് ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനു ശക്തിയേകുന്നത്. പതിനായിരക്കണക്കിനു രോഗികൾക്കും മറ്റുമാണ് ഇതുവഴി ആശ്വാസമേകാൻ കഴിയുന്നത്. സൗഹൃദ കൂട്ടായ്മക്ക് ശക്തി പകർന്ന് അതിവിപുലമായ തോതിൽ നോമ്പുതുറകൾ സംഘടിപ്പിച്ചും മറ്റുമാണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. കഴിഞ്ഞ മുന്നു വർഷക്കാലം കോവിഡ് ഭീഷണി നിലനിന്നിരുന്നതിനാൽ നോമ്പുതുറകൾ അത്ര സജീവമായിരുന്നില്ല. ഇക്കുറി മലയാളി സംഘടനകളുടെ നോമ്പുതുറകൾ വളരെ സജീവമാണ്. എന്നാൽ മുൻകാലങ്ങളിലേതു പോലുള്ള അതിവിപുലമായ തോതിലുള്ള റിലീഫ് ഫണ്ട് ശേഖരണം ഇക്കുറി ഉണ്ടാവാനിടയില്ല. കാരണം പ്രവാസികളും പ്രവാസ ലോകവും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നത്. 
പ്രവാസികളിൽ പലരുടെയും നിലനിൽപു തന്നെ അവതാളത്തിലാണ്. ജീവിതച്ചെലവ് ഏറിയതും പഴയതുപോലെ വരുമാന മാർഗങ്ങളില്ലാതായതും പ്രവാസി കുടുംബങ്ങളെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയവരുടെ കാര്യം ഏറെ കഷ്ടത്തിലാണ്. അപൂർവം ചിലരൊഴിച്ചാൽ വർഷങ്ങളോളം മരുഭൂമിയിൽ ജോലി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തിയിരുന്ന മുൻ പ്രവാസികൾ നിത്യച്ചെലവിനു പോലും വകയില്ലാതെ വിഷമത്തിലാണ്. 
പ്രവാസികളാണെന്ന കാരണത്താലും സർക്കാരും നാട്ടുകാരും ഇത്തരക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കാറുമില്ല. ഇതു തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുക നിലവിലെ പ്രവാസികൾക്കു തന്നെയാണ്. പ്രവാസികളായി പ്രവാസ ലോകത്ത് കഴിയുന്നവർക്കിടയിലും പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഏറെയാണ്. മതിയായ രേഖകളില്ലാതെ കുടുംബങ്ങളുമായി കഴിയുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. സാമ്പത്തിക ഞെരുക്കത്താൽ വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്. 
പ്രവാസി സംഘടനകൾ ഇക്കാലമത്രയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് നാട്ടിലെ സ്ഥാപനങ്ങളിലും നാട്ടുകാരിൽ പ്രയാസം അനുഭവിക്കുന്നവരിലുമാണ്. എന്നാൽ അവരെപ്പോലെ തന്നെ ശ്രദ്ധേ കേന്ദ്രീകരിക്കേണ്ടവരും സഹായത്തിനർഹരുമാണ് പ്രവാസികളെന്ന പേരിൽ ആരോരും തിരിഞ്ഞു നോക്കാനില്ലാത കഴിയുന്നവർ. അഭിമാന ബോധത്താൽ ഇത്തരക്കാരിൽ പലരും തങ്ങളുടെ പ്രയാസങ്ങൾ ആരെയും അറിയിക്കാറില്ല. അതിനാൽ പ്രവാസികളും പ്രവാസി സംഘടനകളും തങ്ങളുടെ സഹായ ഹസ്തങ്ങൾ നീട്ടുമ്പോൾ ഈ ഗണത്തിൽ പെട്ടവരും പരിഗണനയിലുണ്ടാവാൻ ശ്രദ്ധിക്കണം. ഇത്തരക്കാർക്കു കൈത്താങ്ങാവാൻ കഴിയുന്നതിനേക്കാൾ റമദാന്റെ പുണ്യം മറ്റൊന്നില്ലെന്നതിനാൽ കൂടുതൽ ശ്രദ്ധ ഇവരിലുണ്ടാവുമെന്നു തന്നെ പ്രതീക്ഷിക്കാം. 

Latest News