Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ഐക്യത്തിലെ മുള്ളുകൾ

പ്രധാനന്ത്രി പദം ഏറ്റതിനു ശേഷം നരേന്ദ്ര മോഡി ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ഘട്ടമാണിതെന്ന് നിസ്സംശയം പറയാം. പ്രതിപക്ഷ നിരയിൽനിന്ന് സർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുന്ന, ചാട്ടുളി പോലെ ആരോപണങ്ങൾ ഉന്നയിക്കുന്ന, മോഡിയെയോ ബി.ജെ.പിയെയോ, ആർ.എസ്.എസിനെയോ തെല്ലും ഭയക്കാത്ത ഒരു നേതാവ് ഉയർ
ന്നുവന്നിരിക്കുന്നു -രാഹുൽ ഗാന്ധി. ആ രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാനും ദുർബലനാക്കാനും ചെയ്ത നടപടികളുടെ പേരിൽ പ്രതിപക്ഷ നിരയിൽ ഇതുവരെ കാണാത്തൊരു യോജിപ്പ് രൂപം കൊണ്ടിരിക്കുന്നു. നിലവിൽ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമൊക്കെയുയണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തു വന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കടന്നുകൂടാൻ ബി.ജെ.പിക്ക് പ്രയാസമാവും. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് പ്രതിപക്ഷത്തെ ഈ താൽക്കാലിക യോജിപ്പിനെ പരിഹസിച്ച് 'കള്ളന്മാരെല്ലാം ഒരുമിച്ചുകൂടി' എന്ന് കഴിഞ്ഞ ദിവസം മോഡി പറഞ്ഞത്.
സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി ജനാധിപത്യ ബോധമുള്ളവരെയെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ്, ഇന്നലെ വരെ കോൺഗ്രസിനെ കുറ്റം പറഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും, ബി.ആർ.എസും സി.പി.എമ്മും അടക്കമുള്ള കക്ഷികൾ ഈ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയതും. ഇപ്പോൾ മിണ്ടാതിരുന്നാൽ രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളുടെ സമ്പൂർണ തകർച്ചക്കാവും തങ്ങൾ സാക്ഷ്യം വഹിക്കേണ്ടിവരികയെന്ന് അവർക്ക് മനസ്സിലായി. നിർബന്ധിത സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ കണ്ട ഈ യോജിപ്പ് ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സഖ്യമോ, തെരഞ്ഞെടുപ്പ് ധാരണയോ ആയി മാറുന്നപക്ഷം ബി.ജെ.പി കടുത്ത വെല്ലുവിളി നേരിടും. മോഡിയുടെ വ്യക്തിപ്രഭാവത്തിനു പോലും ഒരുപക്ഷേ അത്തരമൊരു കൂട്ടായ്മയെ അതിജീവിക്കാൻ കഴിഞ്ഞെന്നു വരില്ല.


ഈയൊരു യാഥാർഥ്യം അറിയാത്തവരല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ. വമ്പൻ വിജയം നേടിയ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പോലും രാജ്യത്തെ മൊത്തം കണക്കെടുത്താൽ കഷ്ടിച്ച് 40 ശതമാനത്തിലേറെ വോട്ടുകളാണ് ബി.ജെ.പി മുന്നണിക്ക് നേടാൻ കഴിഞ്ഞത്. യു.പിയിലെയും ബിഹാറിലെയും നിരവധി മണ്ഡലങ്ങളിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലെ ഭിന്നത മൂലം ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചുകയറി. ഈ സാഹചര്യത്തിൽ യോജിച്ചുനിന്നാൽ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ഒരുവേള മോഡിയെ വീഴ്ത്താൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിയും. 
നിലവിൽ 14 കക്ഷികളാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടികളുടെ പേരിൽ കോൺഗ്രസ് ആരംഭിച്ച പ്രതിഷേധത്തിന് പിന്തുണ നൽകിയിരിക്കുന്നത്. തൃണമൂലും ബി.ആർ.എസുമടക്കമുള്ള കക്ഷികളുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ പങ്കെടുത്തു. അതേ സമയം തന്നെ ഭാവിയിൽ ഇതൊരു സഖ്യമായി രൂപം പ്രാപിക്കുന്നതിന് തടസ്സമാവുന്ന മുള്ളുകളും കണ്ടു. രാഹുൽ ഗാന്ധിയുടെ വി.ഡി. സവർക്കർ വിമർശനത്തിന്റെ പേരിൽ ശിവസേനയാണ് ഉടക്കിയത്. സവർക്കർ വിമർശനം രാഹുൽ തുടർന്നാൽ സഖ്യം തന്നെ ഇല്ലാതാവുമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറേ മുന്നറിയിപ്പ് നൽകി. പ്രശ്‌നം പരിഹരിക്കാൻ എൻ.സി.പി നേതാവ് ശരത് പവാർ ഇടപെട്ടു. രാഹുൽ ഗാന്ധി തന്നെ ഉദ്ധവ് താക്കറേയുമായി സംസാരിച്ചു. ഭാവിയിൽ സവർക്കർ വിമർശനം മയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാക്കൾ സമ്മതിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇത്തരത്തിലുള്ള നിരവധി മുള്ളുകൾ പ്രതിപക്ഷ ഐക്യത്തിന് തടസ്സമായി മറ്റു പല സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കൾക്കുമെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോവുകയാണ് കോൺഗ്രസും യു.ഡി.എഫും. ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി ഈ പ്രക്ഷോഭത്തിൽനിന്ന് പിന്മാറാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തയാറാവില്ല. അങ്ങനെ വന്നാൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ നിലനിൽപ് തന്നെ അപകടത്തിലാവും. ആ സ്ഥാനത്ത് ബി.ജെ.പി ഉയർന്നുവരും. എന്നാൽ ഐക്യത്തിനു വേണ്ടി കോൺഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നിൽ സി.പി.എം ഇത്തരമൊരു ആവശ്യം മുന്നോട്ടു വെക്കാൻ സാധ്യതയുണ്ട്. വലിയൊരു കീറാമുട്ടിയായിരിക്കും ഈ വിഷയം.
ഏതാണ്ട് സമാനമാണ് തെലങ്കാനയിലെ സ്ഥിതി. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും കുടുംബാംഗങ്ങൾക്കും ബി.ആർ.എസ് നേതാക്കൾക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ കോൺഗ്രസ് പരസ്യമായി പ്രക്ഷോഭ രംഗത്താണ്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ കോൺഗ്രസ് ആ ഏജൻസികളുടെ പക്ഷത്താണ്. അതു തന്നെയാണ് ദൽഹിയിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഴിമതി കേസിൽ പെട്ടപ്പോഴും കോൺഗ്രസ് നേതാക്കളുടെ നിലപാട്. പ്രതിപക്ഷ സഖ്യത്തിനു വേണ്ടി ഈ ആരോപണങ്ങളിൽനിന്നെല്ലാം കോൺഗ്രസ് പിന്നോട്ടു പോയാൽ അവരുടെ ഉള്ള വിശ്വാസ്യത കൂടി ഇല്ലാതാവും. അതുകൊണ്ടു തന്നെ അതത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ അതിന് തയാറാവുകയില്ല.
പ്രതിപക്ഷത്തെ പല പാർട്ടികൾക്കും തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ പ്രധാന എതിരാളികൾ കോൺഗ്രസ് ആയതിനാൽ അവർക്കും കോൺഗ്രസിനെതിരായ ഏറ്റുമുട്ടലിൽനിന്ന് പിന്നോട്ടു പോകാനാവില്ല. ബംഗാളിൽ കോൺഗ്രസ് പാർട്ടി അണികളെ ഏതാണ്ട് പൂർണമായും തന്റെയൊപ്പം കൊണ്ടുവന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് ഒരു പ്രധാന എതിരാളിയാണ്. മമതക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന അഴിമതി അന്വേഷണങ്ങളിൽ കോൺഗ്രസിന്റെ പിന്തുണ കിട്ടാത്തതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെ നന്നായി മുതലാക്കാൻ മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്നായി അറിയാം. അതുകൊണ്ടാണ് ത്രിപുരയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം - കോൺഗ്രസ് വിചിത്ര സഖ്യത്തെ കേരളത്തിൽ ഗുസ്തി, ത്രിപുരയിൽ ദോസ്തി എന്നു പറഞ്ഞ് അവർ പരിഹസിച്ചത്.
ചുരുക്കത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഇപ്പോൾ കാണുന്ന യോജിപ്പ് ഭാവിയിൽ തെരഞ്ഞെടുപ്പ് സഖ്യമായി രൂപപ്പെടാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ കേന്ദ്രത്തിൽനിന്ന് മോഡിയെയും അമിത് ഷായെയും ബി.ജെ.പിയെയും പുറത്താക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ മനസ്സാണുള്ളതുതാനും. ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകൾ നടത്തിയാലല്ലാതെ പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയിൽ ഒരു സാധ്യതയുമില്ല. രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ മറ്റു പ്രതിപക്ഷ കക്ഷികൾ തയാറാകുന്നപക്ഷം അതിന് വിലയായി കോൺഗ്രസ് തന്നെയാവും ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യേണ്ടിവരിക. അപ്പോഴും ബി.ജെ.പി പ്രബല ശക്തിയല്ലാത്ത കേരളം, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ 'സൗഹൃദ പോര്' നടക്കും. എന്നാൽ യു.പി, ബിഹാർ, മഹാരാഷ്ട്ര, കർണാടക പോലെ ഒ    റ്റക്കെട്ടായി നിന്നാൽ ബി.ജെ.പിയെ വീഴ്ത്താൻ കഴിയുന്ന സംസ്ഥാനങ്ങളിൽ പരമാവധി വിട്ടുവീഴ്ചകൾക്ക് പ്രതിപക്ഷ കക്ഷികൾ തയാറാവുകയാണ് വേണ്ടത്. അതിനു കഴിയുമോ എന്നതാണ് ഇന്ന് രാഷ്ട്രീയ ഇന്ത്യ നേരിടുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.
 

Latest News