ചൈനയുമായി സൗദി കൂടുതല്‍ അടുക്കുന്നു, ഷാങ്ഹായ് ഓര്‍ഗനൈസേഷനില്‍ അംഗമാകും

റിയാദ്- ചൈനയുമായി കൂടുതല്‍ അടുത്ത രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന്റെ സൂചനയായി ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഡയലോഗ് പാര്‍ട്ണര്‍ ആയി ചേരാനും സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സംഘടനയെന്നോണം 2001 ല്‍ ആണ് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്. ചൈനക്കു പുറമെ, ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.
മന്ത്രിസഭാ തീരുമാന പ്രകാരം സംഘടനയില്‍ ഡയലോഗ് പാര്‍ട്ണര്‍ പദവി സൗദി അറേബ്യക്ക് ലഭിക്കും. ചൈനയുടെ മധ്യസ്ഥതയില്‍  നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറില്‍ സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച് മൂന്നാഴ്ചക്കു ശേഷമാണ് ചൈനയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ പുതിയ നീക്കം. സാങ്കേതിക, തൊഴില്‍ പരിശീലന മേഖലയില്‍ ചൈനീസ് വാണിജ്യ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അക്കൗണ്ടിംഗ്, മേല്‍നോട്ടം, പ്രൊഫഷനല്‍ വര്‍ക്ക് മേഖലകളില്‍ സൗദിയിലെ ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റും ചൈനയിലെ നാഷണല്‍ ഓഡിറ്റ് ഓഫീസും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കാന്‍ ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

 

Latest News