മംഗളൂരു - കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഒരാഴ്ചക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനകം 124 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. 100 സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷമാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന പ്രക്രിയ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. താലൂക്ക്, ജില്ലാ തലങ്ങളില്‍നിന്നു അഭിപ്രായം സ്വീകരിക്കും. അതിന് ശേഷം സംസ്ഥാനതലത്തില്‍ ഇത് സമാഹരിച്ച് ലിസ്റ്റ് കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിലേക്ക് അയക്കും. അദ്ദേഹം വിശദീകരിച്ചു. ഇതിനെല്ലാം ഒരാഴ്ച സമയമെടുക്കും. ബി.ജെ.പി ബൂത്ത് തല പ്രവര്‍ത്തകര്‍ ഇതിനകം രണ്ടുതവണ വോട്ടര്‍മാരെ സമീപിച്ചിട്ടുണ്ടെന്നും പ്രചാരണത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
കേന്ദ്ര നേതാക്കളുടെ പര്യടനം ആസൂത്രണം ചെയ്യാന്‍ ഒരു കമ്മിറ്റിയുണ്ട്. പ്രധാനമന്ത്രി മോഡിയും അമിത് ഷായും ജെ.പി. നദ്ദയും 2018 ലെ പോലെ ഒരു വേദിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.






