പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മൂന്നര വര്‍ഷം കഠിന തടവ്

തൊടുപുഴ - 11 കാരിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കന് മൂന്നരവര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും ശിക്ഷ. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളില്‍ ബിജോയി ജോസഫി(49) നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സണ്‍ .എം. ജോസഫ് ശിക്ഷിച്ചത്.
2016 ഡിസംബറിലാണ് കേസിനാസ്പദ സംഭവം. വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് മൂന്നുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം 40 ദിവസം കഠിന തടവ് അനുഭവിക്കണം. കരിമണ്ണൂര്‍ പോലീസ് ആണ് അന്വേഷണം നടത്തിയത്.
അതിക്രമത്തിന് ഇരയായ കുട്ടിയുടെ പുനരധിവാസത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബി വാഹിദ ഹാജരായി.

Latest News