അരിക്കൊമ്പന്‍ കോടതി വിധിയില്‍ രോഷം 13 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

ഇടുക്കി - മൂന്നാര്‍ മേഖലയില്‍ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി വിലക്കിയതോടെ  പ്രദേശത്ത് പ്രതിഷേധം ശക്തം. കോടതി നിര്‍ദേശിച്ച വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കും വരെ ദൗത്യം നിര്‍ത്തി വെക്കേണ്ടി വരും.
ചിന്നക്കനാലില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പ്രകടനവുമായി കുങ്കിത്താവളത്തില്‍ എത്തി പ്രതിഷേധിച്ചു.ഇന്ന് 13 പഞ്ചായത്തുകളില്‍ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു ഡി എഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ ചോല, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വൈകിട്ട് 4 മണിയോടെ സിങ്കുകണ്ടത്ത് നിന്നാണ് നാട്ടുകാരുടെ പ്രകടനം ആരംഭിച്ചത്. ഇവര്‍ രണ്ട് കി.മീറ്ററോളം നടന്ന് സിമന്റുപാലത്തിന് സമീപത്തെ കുങ്കിത്താവളത്തിലെത്തുകയായിരുന്നു. വനംവകുപ്പ് ആളുകളെ നിയന്ത്രിക്കാനായി റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ജനം നീക്കി.
പ്രതിഷേധം നീണ്ടതോടെ ശാന്തമ്പാറ പോലീസെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. നാട്ടുകാരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കത്തിനും ഇത് ഇടയാക്കി. തോട്ടത്തില്‍ ജോലിക്ക് പോയ ശേഷം മടങ്ങി എത്തിയ തൊഴിലാളികളും സമരത്തില്‍ പങ്കാളികളായി. സിങ്കുകണ്ടം ചിന്നക്കനാല്‍ ബോഡിമെട്ട് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. രാത്രി ഒരു കൂട്ടര്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.
ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാതെ കുങ്കിയാനകളെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇന്നലെ അരിക്കൊമ്പന്‍ ബിയല്‍റാം മേഖലയിലായിരുന്നു.

 

Latest News