ദമാം- ഫാസിസ്റ്റുകൾ വിതയ്ക്കുന്ന വിദ്വേഷം ചെറുക്കാൻ മനസ്സ് തുറന്ന് ഒത്തുകൂടണമെന്ന് പ്രവാസി വെൽഫെയർ ദമാം എറണാകുളം-തൃശൂർ ജില്ലാ കമ്മിറ്റി മീറ്റ്. മനുഷ്യ മനസ്സുകളിൽ ആസൂത്രിതമായി അകൽച്ച സൃഷ്ടിക്കാൻ ഒരു വിഭാഗം ശ്രമങ്ങൾ നടത്തുകയാണ്. അതിനെ പ്രതിരോധിക്കാൻ മനസ്സ് തുറന്നുള്ള ഒത്തുകൂടൽ വലിയ ഫലം ചെയ്യുമെന്ന് പ്രമുഖ പ്രഭാഷകൻ ജലീൽ നദ് വി പറഞ്ഞു.
കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയാണ് റമദാൻ മുന്നോട്ട് വെക്കുന്നത്. പ്രവാസി വെൽഫെയർ ദമാം എറണാകുളം-തൃശൂർ സംയുക്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദമാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ നിരവധി പേർ പങ്കെടുത്തു. പ്രവാസി വെൽഫെയർ തൃശൂർ-എറണാകുളം ജില്ലാ പ്രസിഡന്റ് സമീഉല്ല കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി നബീൽ പെരുമ്പാവൂർ, ട്രഷറർ ഷൗക്കത്ത് പാടൂർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഊഫ് ചാവക്കാട്, അഷ്‌കർ ഗനി, ശരീഫ് കൊച്ചി, സിദ്ധീക്ക് ആലുവ, ഹാരിസ് കൊച്ചി, ഷാജു പടിയത്ത്, മെഹബൂബ് മുടവൻകാട്ടിൽ എന്നിവർ നേതൃത്വം നൽകി.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി, ജനറൽ സെക്രട്ടറി സുനില സലീം, ജനസേവന വിഭാഗം കൺവീനർ ജംഷാദ് അലി കണ്ണൂർ, സെക്രട്ടറി ഫൈസൽ കുറ്റിയാടി, റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട്, ജനറൽ സെക്രട്ടറി ബിജു പൂതക്കുളം എന്നിവരും വിവിധ ജില്ലാ കമ്മിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.