Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പാവങ്ങള്‍ക്ക് വീട്, ഒരാഴ്ചക്കിടെ സംഭാവന ലഭിച്ചത് 50 കോടി റിയാല്‍

റിയാദ് - നിര്‍ധനരെ ലക്ഷ്യമിട്ട് ഭവന പദ്ധതി നടപ്പാക്കാനുള്ള കാമ്പയിനിലൂടെ ഏഴു ദിവസത്തിനിടെ 50 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചു. റമദാന്‍ ഒന്നിനാണ് ജൂദ് അല്‍ഇസ്‌കാന്‍ ചാരിറ്റി സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിന് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകന്‍ രാജാവ് 10 കോടി റിയാലും കിരീടാവകാശി അഞ്ചു കോടി റിയാലും സംഭാവന നല്‍കിയാണ് കാമ്പയിന് സമാരംഭം കുറിച്ചത്. ജൂദ് അല്‍ഇസ്‌കാന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിന്‍ നടത്തുന്നത്.
നിര്‍ധനര്‍ക്കുള്ള പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കാന്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ജൂദ് അല്‍ഇസ്‌കാന്‍ ചാരിറ്റി സബ്‌സ്‌ക്രിപ്ഷന്‍ കാമ്പയിനിലൂടെ വിശുദ്ധ റമദാനില്‍ പത്തു കോടി ഷെയറുകളിലൂടെ നൂറു കോടി റിയാല്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്തു റിയാല്‍ മുതലുള്ള തുക ഉദാരമതികള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയും. കാമ്പയിനിലൂടെ നിര്‍ധനര്‍ക്കു വേണ്ടി 3,500 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
ജനറല്‍ അതോറിറ്റി ഓഫ് ഔഖാഫ് പത്തു കോടി റിയാലും വ്യവസായ പ്രമുഖന്‍ അബ്ദുല്ല അല്‍ഉഥൈം പത്തു കോടി റിയാലും ഖുസാം റിയല്‍ എസ്റ്റേറ്റ് കമ്പനി അഞ്ചു കോടി റിയാലും അജ്‌ലാന്‍ ആന്റ് ബ്രദേഴ്‌സ് കമ്പനി അഞ്ചു കോടി റിയാലും സുലൈമാന്‍ അല്‍ഹബീബ് ഗ്രൂപ്പ് ഒരു കോടി റിയാലും വ്യവസായ പ്രമുഖന്‍ അബ്ദുല്‍ അസീസ് ബഗ്‌ലഫ് മൂന്നു കോടി റിയാലും തുടക്കത്തില്‍ തന്നെ കാമ്പയിനിലേക്ക് സംഭാവന നല്‍കിയിരുന്നു. സുമുവ് ഹോള്‍ഡിംഗ് കമ്പനി, ബിന്‍ ജാറല്ല കമ്പനി എന്നിവയും ഒരു കോടി റിയാല്‍ വീതം സംഭാവന നല്‍കി. കാമ്പയിനിലൂടെ സ്വരൂപിക്കാന്‍ ലക്ഷ്യമിട്ട തുകയുടെ പകുതി ഏഴു ദിവസത്തിനിടെ മാത്രം സമാഹരിക്കാന്‍ സാധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News