Sorry, you need to enable JavaScript to visit this website.

വിവാദ എം.എല്‍.എ നയിക്കുന്ന ശോഭായാത്ര; പള്ളിയും ദര്‍ഗയും തുണികൊണ്ട് മറച്ചു

ഹൈദരാബാദ്- രാമനവമി ശോഭാ യാത്രക്ക് ഹൈദരാബാദ് ഒരുങ്ങിയിരിക്കെ പള്ളിയും ദര്‍ഗയും തുണി കൊണ്ട് മറച്ചു. വ്യാഴാഴ്ചയാണ് രാമനവമി ഘോഷയാത്ര. സിദ്ധിയംബര്‍ ബസാര്‍ പള്ളിയും ദര്‍ഗയുമാണ് തുണികൊണ്ട് മറച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം ഏഴിന്  കോട്ടി ഹനുമാന്‍ വ്യാമശാല ഗ്രൗണ്ടില്‍ സമാപിക്കും.
ഘോഷയാത്ര ഭോയിഗുഡ കമാന്‍, മംഗല്‍ഹട്ട് പോലീസ് സ്‌റ്റേഷന്‍ റോഡ്, ജാലി ഹനുമാന്‍, ധൂല്‍പേട്ട് പുരാണപുള്‍ റോഡ്, ഗാന്ധി പ്രതിമ, ജുമേരത്ത് ബസാര്‍, ബീഗം ബസാര്‍ ഛത്രി, സിദ്ധിയംബര്‍ ബസാര്‍, ശങ്കര്‍ ഷെര്‍ ഹോട്ടല്‍, ഗൗളിഗുഡ ചമന്‍, പുത്‌ലിബൗലി ക്രോസ്‌റോഡ്, കോടി, സുല്‍ത്താന്‍ ബസാര്‍ എന്നിവിടങ്ങളിലൂടെയാണ് ഹനുമാന്‍ വ്യാമശാലയില്‍ എത്തിച്ചേരുക. രാമനവമി ശോഭാ യാത്ര പ്രമാണിച്ച് ഹൈദരാബാദില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  യാത്രക്കാര്‍  ഇതര റൂട്ടുകള്‍ സ്വീകരിക്കാന്‍ ട്രാഫിക് പോലീസ് നിര്‍ദ്ദേശിച്ചു.
ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗോഷാമഹലിലെ വിവാദ എംഎല്‍എ ടി രാജ സിംഗാണ്  രാമനവമി ശോഭാ യാത്ര നയിക്കുന്നത്.ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എല്ലാ 'രാമഭക്തരെ'യും ക്ഷണിച്ചുകൊണ്ട് അദ്ദേഹം തന്റെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു.
കഴിഞ്ഞ വര്‍ഷം ഘോഷയാത്രയ്ക്കിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ഷാഹിനായത്ത്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ എംഎല്‍എക്കെതിരെ കസെടുത്തിരുന്നു.
റമദാനില്‍  ഓള്‍ഡ് സിറ്റിയിലെ ഹിന്ദു കച്ചവടക്കാരെ ബഹിഷ്‌കരിച്ചതിനെതിരെ ആയിരുന്നു സിംഗിന്റെ പ്രസംഗം. സമാനമായി ഹിന്ദുക്കള്‍ രാജ്യദ്രോഹികളെ (മുസ്ലിംകളെ)  ലക്ഷ്യം വച്ചാല്‍ അവര്‍ക്ക് ബിസിനസ്സ് ഇല്ലാതാകുമെന്നും  യാചിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ എല്ലാ മുസ്ലിംകളും നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ എംഎല്‍എയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News