ജോലി കഴിഞ്ഞെത്തിയാല്‍ ദമ്പതികള്‍  മദ്യ ലഹരിയില്‍, കുഞ്ഞ് നടുറോഡില്‍ 

മലപ്പുറം- മാതാപിതാക്കള്‍ വേണ്ടത്ര പരിചരണം കൊടുക്കാത്ത കുട്ടിയെ ഏറ്റെടുക്കാനൊരുങ്ങി ശിശുക്ഷേമ സമിതി. നടുവട്ടം അയിലക്കാട് റോഡില്‍ ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയെ ഏറ്റെടുക്കാനുള്ള നിയമനടപടികളാണ് അധികൃതര്‍ ആരംഭിച്ചത്.ദമ്പതികള്‍ക്ക് കൂലിപ്പണിയാണ്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മദ്യപിച്ച് ബോധരഹിതരാകും. കുട്ടി പാതിരാത്രി റോഡിലേക്ക് പോകുന്ന അവസ്ഥവരെയുണ്ടായി. ഇവര്‍ താമസിക്കുന്നതിന് സമീപം കാടാണ്. ഈ കാട്ടിലേക്ക് പോകുമോയെന്ന പേടിയും അധികൃതര്‍ക്കുണ്ട്.കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്നത് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റെടുത്ത് സുരക്ഷിതമായി താമസിക്കാനുള്ള നടപടികള്‍ ശിശുക്ഷേമ സമിതി തുടങ്ങിയത്. ഇതിനാവശ്യമായ രേഖകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.

Latest News