Sorry, you need to enable JavaScript to visit this website.

വന്യജീവി ശല്യം വയനാട്ടില്‍  നിരവധി ഗ്രാമങ്ങളെ ദരിദ്രമാക്കി

കല്‍പറ്റ-വന്യമൃഗശല്യം വയനാട്ടില്‍ നിരവധി ഗ്രാമങ്ങളെ ദരിദ്രമാക്കി. നൂല്‍പ്പുഴ പഞ്ചായത്തിലെ  ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍പ്പെട്ട വടക്കനാട്, പണയമ്പം, പച്ചാടി, പള്ളിവയല്‍, ഓടപ്പള്ളം, കരിപ്പൂര്‍ പ്രദേശങ്ങളിലാണ് കാട്ടുമൃഗശല്യം കൊടിയ തിക്തഫലങ്ങള്‍ക്കു കാരണമായത്. 
വടക്കനാടും സമീപങ്ങളിലുമായി 1,500 ഓളം കുടുംബങ്ങളുണ്ട്. ഭക്ഷ്യവിളകളും തെങ്ങും കമുകും അടക്കം ദീര്‍ഘകാല വിളകളും പ്രദേശത്ത് കൃഷി ചെയ്യാനാകുന്നില്ല. ഭൂമിയുണ്ടെങ്കിലും വരുമാനമില്ലാതെ കര്‍ഷകര്‍ നിത്യവൃത്തിക്കു  പ്രയാസപ്പെടുകയാണ്. ഭൂവുടമകള്‍  വന്യജീവികളെ ഭയന്ന് കൃഷികളില്‍ പലതും നിര്‍ത്തിവച്ചത് കര്‍ഷക തൊഴിലാളികളെയും ഗതികേടിലാക്കി. കുടുംബം പുലര്‍ത്തുന്നതിന് വടക്കാനാടിനുപുറത്ത് പണി അന്വേഷിക്കേണ്ട അവസ്ഥയിലാണ് അവര്‍. വടക്കനാട്ടെ ചെറുപ്പക്കാര്‍ പെണ്ണുകിട്ടാത്ത സ്ഥിതിയിലാണുള്ളത്. വിവാഹപ്രായം കഴിഞ്ഞ അനേകം പുരുഷന്‍മാര്‍ വടക്കനാടുണ്ട്. പുറമേയുള്ളവര്‍ വടക്കനാടിലേക്ക് പെണ്‍മക്കളെ വിവാഹം ചെയ്ത് അയയ്ക്കാന്‍  വിമുഖത കാട്ടുകയാണ്. 
വന്യമൃഗശല്യത്തില്‍നിന്നു വടക്കനാട് നിവാസികളെ രക്ഷിക്കുന്നതിന് വനം-വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ എങ്ങുമെത്തിയില്ല. ഏറ്റവും ഒടുവില്‍ വനാതിര്‍ത്തിയില്‍ തൂക്കുവേലി നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നിരിക്കയാണ്. തൂക്കുവേലി വന്യജീവി പ്രതിരോധത്തിനു ഫലപ്രദമല്ലെന്ന നിലപാടിലാണ് ഗ്രാമീണര്‍. തൂക്കുവേലിക്കുപകരം  ലോഹവലയോടുകൂടിയ റെയില്‍പാള വേലിയോ ക്രാഷ്ഗാര്‍ഡ് റോപ് വേലിയോ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഗ്രാമസഭകളില്‍ ഉയര്‍ന്നത്. ഇക്കാര്യം ഉത്തരവാദപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.
വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് വടക്കനാടും സമീപദേശങ്ങളിലുമുള്ളവര്‍ 2018 മാര്‍ച്ചില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. വടക്കാനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.  സര്‍ക്കാരിന്റെയും സമിതിയുടെയും പ്രതിനിധികള്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. വടക്കനാട് പ്രദേശത്തെ കാട്ടുമൃഗങ്ങളില്‍നിന്നു രക്ഷിക്കുന്നതിനു പദ്ധതി അടിയന്തരമായി നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ സമിതിക്ക് ഉറപ്പുലഭിച്ചിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ മുഖ്യമായവ പ്രാവര്‍ത്തികമായില്ല. 4.4 കിലോമീറ്റര്‍ റെയില്‍ഫെന്‍സിംഗും 30 കിലോമീറ്റര്‍ ആന പ്രതിരോധമതിലും  നിര്‍മിക്കാന്‍ 54.88 കോടി രൂപയുടെ പദ്ധതിക്കു രൂപരേഖ തയാറാക്കിയത് വെറുതെയായി. മതില്‍, റെയില്‍ ഫെന്‍സിംഗ് നിര്‍മാണം വേണ്ടെന്നുവച്ച അധികൃതര്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് മതിയെന്ന തീരുമാനത്തിലെത്തി. ചെലവ്  കുറച്ച് ഡി.പി.ആര്‍ പരിഷ്‌കരിച്ചു. ഇതിനായി ടെന്‍ഡര്‍ ഉറപ്പിച്ചെങ്കിലും റദ്ദാക്കി. പിന്നീടാണ് തൂക്ക് ഫെന്‍സിംഗ് പദ്ധതിയുമായി രംഗത്തുവന്നത്.

Latest News