ന്യൂദല്‍ഹി - ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു കൊണ്ട് ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. തന്നെ അയോഗ്യനാക്കിയതിനെതിരെ മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി. ഇതോടെ മുഹമ്മദ് ഫൈസലിന് എം.പിയായി തുടരാനാകും
വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി 11 ന് കവരത്തി കോടതിയാണ് ശിക്ഷിച്ചത്. വിധി വന്ന ഉടന്‍ തന്നെ മുഹമ്മദ് ഫൈസലിനെ ലോകസഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തെരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് അംഗത്വം പുന:സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മൂഹമ്മദ് ഫൈസലിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണനക്കെടുത്തിരുന്നു.