രണ്ടു പുരുഷന്‍മാര്‍ തന്റെ വസ്ത്രം അഴിച്ചപ്പോള്‍ കുതറി രക്ഷപ്പെടുകയായിരുന്നുവെന്ന് പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട - കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തെപ്പറ്റി തുറന്ന് പറഞ്ഞ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍. തനിക്ക് ആറ് വയസ്സുള്ളപ്പോള്‍ രണ്ടു പുരുഷന്‍മാര്‍ വാത്സല്യത്തോടെ അടുത്ത് വിളിച്ചിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. അവര്‍ എന്റെ വസ്ത്രമഴിച്ചപ്പോഴാണ് എനിക്ക് വല്ലായ്മ തോന്നിയത്. അതോടെ അവിടെ നിന്ന് കുതറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വസ്ത്രം അഴിക്കുന്നത് വരെ അവര്‍ എന്താണ് എന്നോട് കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ലെന്നും ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. അന്ന് മാതാപിതാക്കള്‍ തന്ന പിന്‍ബലം കൊണ്ട് മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ആള്‍ക്കൂട്ടത്തില്‍ ചെല്ലുമ്പോഴൊക്കെ  ആ രണ്ടു മുഖങ്ങളെ ഞാന്‍ പേടിയോടെ തെരയുമായിരുന്നു. തനിക്ക് അപ്പോള്‍ കിട്ടിയ ധൈര്യം എല്ലാ കുട്ടികള്‍ക്കും കിട്ടിക്കൊള്ളണമെന്നില്ലെന്നും ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ജില്ലാ കളക്ടര്‍ കുട്ടിക്കാലത്തുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. കുട്ടികള്‍ നേരിടാന്‍ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി മാതാപിതാക്കള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാന്‍ അവരെ പഠിപ്പിക്കണം. പാറി നടക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

 

Latest News