പാലക്കാട് - ബസ് തടഞ്ഞ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തൃശൂരിലെ സ്വര്‍ണ വ്യാപാരി തമിഴ്നാട്ടിലെ മധുരയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നതിനായി ആഭരണ മോഡല്‍ കാണിച്ച് മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്നത്. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് അത്തിമണി സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. മീനാക്ഷിപുരം സൂര്യപാറയില്‍ ബസില്‍ നിന്ന് വ്യാപാരിയെ ബലമായി ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വര്‍ണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.കഴിഞ്ഞ 26 നാണ് സംഭവം നടന്നത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.