പാതിരായ്ക്ക് ഫുൾജാർ സോഡയ്ക്ക് ഓർഡർ നൽകി കാത്തിരിക്കുന്ന യുവാക്കളെയാണ് ഫോട്ടോയിൽ കാണുന്നത്. അല്ലാതെ യുവാക്കളുടെ നിൽപ്പ് സമരമല്ല. ഫുൾജാർ സോഡ കുടിച്ചില്ലെങ്കിൽ, നോമ്പ് തുറ പൂർത്തിയാകില്ല എന്ന തരത്തിലാണ് ചെറുപ്പക്കാരുടെ ''ഫുൾജാർ സോഡ മോന്തൽ''അരങ്ങേറുന്നത്. പലയിടത്തും പുലർച്ചെ രണ്ട് മണി വരേയും നുരഞ്ഞ് പതയുകയാണ് ഫുൾജാർ സോഡ.! ''കിഡ്‌നി രോഗികളും, കിഡ്‌നി രോഗികളെ സഹായിക്കാനുള്ള പാട്ടപ്പിരിവുകാരും, പാട്ടയുമായെത്തുന്ന നൻമമരങ്ങളും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന'' സാഹചര്യമൊന്നും നമ്മുടെ ചെറുപ്പക്കാർക്ക് അറിയേണ്ട കാര്യമില്ല. അവർക്ക് ഫുൾജാർ സോഡ മോന്തിയേ മതിയാകൂ. മുകളിലേയ്ക്ക് പതഞ്ഞുയരുന്ന വായു സുഖസുന്ദരമായി ഏമ്പക്കം വിട്ടേ രസിക്കണം, ആസ്വദിക്കണം.
ഏതാണ്ട് നാലഞ്ച് വർഷം മുമ്പ്, കോഴിക്കാട് മിഠായിത്തെരുവിലാണ് ഫുൾജാർ സോഡയുടെ പിറവിയുണ്ടായത്. അധികം വൈകാതെ കേരള യുവത ഇതിന് പിറകെ കൂടി. എന്തും, ഏതും വാരി വലിച്ച് തട്ടിയ ശേഷം, ദഹന പ്രശ്‌നത്തിനുള്ള പരിഹാരമായാണ് പലരും ഈ 'വിചിത്ര പാനീയ'ത്തെ കാണുന്നത്.! കാന്താരി മുളകും, പൊതീനയും, നാരങ്ങ നീരും, ഉപ്പും, വിവിധ സത്തുകളും, പഞ്ചസാരയും, കസ്‌ക്കസും, കാരമൽ കളറിംഗുമെല്ലാം കൂട്ടിയടിച്ച് അത് സോഡയിൽ ലയിപ്പിച്ചാൽ, പിന്നെ നുരയലായി. പതയലായി. ആ നുരഞ്ഞ് പതയൽ ആസ്വദിക്കാനാണ് ചെറുപ്പക്കാർ ക്യൂ നിൽക്കുന്നതും. എന്തൊരു കഷ്ടമാണിത്. ഈ നുരഞ്ഞ് പൊങ്ങൽ തീർച്ചയായും 'പണി തരും'. അതാരും തന്നെ ഗൗനിക്കുന്നില്ല.
വെള്ളത്തിൽ, കാർബൺഡൈ ഓക്‌സൈഡ് ഉയർന്ന മർദ്ധത്തിൽ ലയിപ്പിക്കുന്നതാണ് സോഡ. ഇതിന്റെ പി.എച്ച് (പൊട്ടൻഷ്യൽ ഒഫ് ഹൈഡ്രജൻ) ന്റെ അളവ് മൂന്ന് മുതൽ നാല് വരെയാണ്. സോഡയിലേയ്ക്ക് കാന്താരി മുളകും, ഉപ്പും, പുളിയും, പഞ്ചസാരയും, വിവിധ കളറുകളുമെല്ലാം കൂട്ടിക്കലർത്തുന്നതോടെ, പി.എച്ചിന്റെ അളവ് രണ്ടിനും, മൂന്നിനുമിടയിലേയ്ക്ക് വീണ്ടും താഴുന്നു. കാന്താരിമുളക്, പുതിനയില, ഇഞ്ചിനീരും ഉപ്പും, നേർപ്പിച്ച വിനാഗിരിയും, പഞ്ചസാര ലായനിയും, പല തരം സത്തകളും ചേർത്ത മിശ്രിതം ചെറിയ ഗ്ലാസിൽ നിറച്ച് അത്, നിറയെ സോഡ ഒഴിച്ച് വെച്ച വലിയ ഗ്ലാസിലേക്ക് നിക്ഷേപിക്കുന്നു. ചെറിയ ഗ്ലാസ്, വലിയ ഗ്ലാസ്സിലേയ്ക്ക് ആഴുന്നതോടെ, വലിയ ഗ്ലാസിലെ സോഡ നുരഞ്ഞു പൊങ്ങി മുകളിലേയ്ക്ക് തുളുമ്പിപ്പതയും. അത്യാവേശത്തോടെയാണ് ചെറുപ്പക്കാർ ഇത് മോന്തുക. പിന്നെ വായിലൂടേയും, മൂക്കിലൂടേയും എരി പൊരിയോടെ ഗ്യാസ് പുറത്തേയ്ക്ക് വമിയ്ക്കും. അതൊരു ഉൻമേഷമായി ചിലർക്ക് അനുഭവപ്പെടുകയും ചെയ്യും.
ഈ പാനീയം പതിവായി മോന്തുന്നതോടെ, ദൂര വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാരണം എരുവും, മധുരവും, ഉപ്പും, പുളിയും ഒരേ സമയം കൂടിക്കലർത്തിയാൽ, ആ രുചിഭേദത്തിന് മാരക സ്വഭാവം കൈവരുമെന്ന് പറയന്നു. ഇത് പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പറയുന്നുണ്ട്. കാരമൽ കളറിംഗ് എന്ന പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കൽ. പഞ്ചസാരയിൽ നിന്ന് ഉദ്പ്പാദിപ്പിക്കുന്നതാണ്. തുടരെയുള്ള ഇതിന്റെ ഉപയോഗം, തൈറോയിഡ്. കരൾ, ശ്വാസകോശം എന്നിവയെ കാൻസർ ബാധയ്ക്ക് ഇട വരുത്തുമെന്നല്ല, വയറിലെ എരിച്ചിലും പുകച്ചിലും തൊണ്ടയിൽ എന്തോ വന്ന് മുട്ടി നിൽക്കുന്ന ഫീലിംഗും അനുഭവഭേദ്യമായി തുടങ്ങും. അതിന് പുറമെ, ഇതിലുള്ള രാസവസ്തുക്കൾ പല്ലുകളുടെ ഇനാമലിന് ഹാനികരമുണ്ടാക്കി, പല്ലുകളുടെ ബലക്ഷയത്തിനും, പല്ല് പൊടിയുന്ന അവസ്ഥയ്ക്കും വഴി വയ്ക്കുന്നു. കച്ചവട താത്പ്പര്യത്തിന് വേണ്ടിയുള്ള പ്രചാരണമാണ് ഫുൾജാർ സോഡ ദഹന പ്രക്രിയയ്ക്ക് പരിഹാരമാണെന്ന് പറയുന്നത്.
ഫുൾജാർസോഡയുടെ ദൂഷ്യം പുറത്ത് വരാൻ തുടങ്ങിയതോടെ, തുടക്കത്തിലുണ്ടായിരുന്ന ഡിമാന്റ് അതിവേഗം ഇടിഞ്ഞു. റംസാന്റെ വരവോടെ വീണ്ടും, ഫുൾജാർ സോഡാ നുരഞ്ഞ് പതയാനും തുടങ്ങി. അസിഡിറ്റി, മലബന്ധം, മലം പോകുമ്പോഴുള്ള എരിച്ചിൽ തുടങ്ങിയ പ്രയാസങ്ങളെ ബോധപൂർവ്വം ക്ഷണിച്ച് വരുത്തുന്നതാണ് ഫുൾജാർ സോഡ എന്ന മാരക പാനീയം. ചേരുവകളുടെ ആധിക്യം അനുസരിച്ച്, ഇരുപത് മുതൽ അമ്പത് രൂപ വരെയാണ് വില.
ശുദ്ധ ജല സ്രോതസ്സുകൾ വറ്റി വരളുന്ന സാഹചര്യത്തിൽ, പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം, ഗ്ലാസുകളുടെ വൃത്തിയാക്കൽ തുടങ്ങിയവയെല്ലാം പകർച്ചവ്യാധികളുടെ മേളത്തിന് വഴി വയ്ക്കുന്നു. മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങൾ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് ഏറെ സഹായകമാണ് 'ഈ കിടിലൻ ഫുൾജാർ സോഡ.'!
സ്വയം തീരുമാനിയ്ക്കാം.. നുരയലും, പതയലും, ഏമ്പക്കം വിടലുമെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ, അനുഭവിക്കേണ്ടി വരുന്നതും അവനവൻ തന്നെയാണ്.