Sorry, you need to enable JavaScript to visit this website.

മോഡിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ പോസ്റ്റര്‍ രാജ്യത്തുടനീളം പതിക്കാന്‍ എ. എ. പി

ന്യൂദല്‍ഹി- രാജ്യത്തുടനീളം പ്രധാമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പോസ്റ്റര്‍ പതിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറെടുക്കുന്നു. മാര്‍ച്ച് 30നാണ് എ. എ. പി പോസ്റ്ററുകള്‍ പതിച്ച് ആക്രമണം ശക്തമാക്കുക.  

പോസ്റ്ററുകള്‍ 11 ഭാഷകളില്‍ അച്ചടിക്കുമെന്ന് പാര്‍ട്ടിയുടെ മേധാവിയും പരിസ്ഥിതി മന്ത്രിയും പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളോടും അതത് സംസ്ഥാനങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

'മോദി ഹഠാവോ, ദേശ് ബച്ചാവോ' (മോദിയെ നീക്കം ചെയ്യുക, രാജ്യത്തെ രക്ഷിക്കുക) എന്ന പോസ്റ്ററുകള്‍ മതിലുകളിലും വൈദ്യുതി തൂണുകളിലും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കഴിഞ്ഞയാഴ്ച ന്യൂദല്‍ഹിയില്‍ പോസ്റ്റര്‍ യുദ്ധം തുടങ്ങിയിരുന്നു. വന്‍ ഓപറേഷന്‍ നടത്തിയാണ് ദല്‍ഹി പോലീസ് പോസ്റ്ററുകള്‍ നീക്കം ചെയ്തത്. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ പ്രിന്റിംഗ് പ്രസിന്റെ രണ്ട് ഉടമകളും ഉള്‍പ്പെടുന്നു. 

മോഡിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയായി 'കെജ്രിവാള്‍ ഹഠാവോ, ഡല്‍ഹി ബച്ചാവോ' (കെജ്രിവാളിനെ നീക്കം ചെയ്യുക, ഡല്‍ഹിയെ രക്ഷിക്കുക) എന്ന പോസ്റ്ററുകള്‍ ഡല്‍ഹിയിലുടനീളം ബി. ജെ. പി പതിച്ചിരുന്നു. 

എന്നാല്‍ ദല്‍ഹി പോലീസ് നടത്തിയ അറസ്റ്റില്‍ പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. തനിക്കെതിരായ പോസ്റ്ററുകളില്‍  എതിര്‍പ്പില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. 

ജനാധിപത്യത്തില്‍, പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം അനുകൂലമായോ പ്രതികൂലമായോ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും തനിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചവരെ അറസ്റ്റ് ചെയ്യരുതെന്നും കെജ്രിവാള്‍ പറഞ്ഞു.

Latest News