അനില്‍ ആന്റണി ബി.ജെ.പിയിലേക്ക്?  കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും അപമാനിച്ചു 

തിരുവനന്തപുരം- കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും പാര്‍ട്ടിയുടെ ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയുമായ അനില്‍ ആന്റണി കോണ്‍ഗ്രസിനെ അപമാനിച്ച് വീണ്ടും രംഗത്തെത്തി. മാത്രമല്ല കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണ് അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പെന്നായിരുന്നു അനിലിന്റെ വിമര്‍ശനം. ഇതിന് തൊട്ടുപിന്നാലെയാണ് സ്മൃതി ഇറാനിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ അനില്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായി. നേരത്തേ ബി ബി സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രതികരണം വിവാദമായപ്പോഴും അനില്‍ ബി ജെ പിയോട് അടുക്കുന്നു എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതിനോട് പ്രതികരിച്ചിരുന്നില്ല. യൂത്ത്‌കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് സ്മൃതിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് അനിലിനെ ചൊടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് അനില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരമില്ലാത്തവര്‍ എന്നായിരുന്നു അനില്‍ വിശേഷിപ്പിച്ചത്.സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന വനിതാ നേതാവ് എന്ന് സ്മൃതിയെ വിശേഷിപ്പിച്ച അനില്‍ കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു എന്നും ആരോപിച്ചു. സ്മൃതിയെപ്പോലുള്ളവരെ ഇകഴ്ത്തുകയും അവഹേളിക്കുകയും ചെയ്യുന്നതാണോ കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും ദേശീയ താല്‍പ്പര്യത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നും അനില്‍ കുറ്റപ്പെടുത്തി.
 

Latest News