ന്യൂദൽഹി- ഇതു വരെ ഹജ്ജ് കമ്മിറ്റികൾ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് ഉടൻ നിർദേശം നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തോട് സുപ്രീംകോടതി. കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപീകരിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ നരസിംഹ, ജെ.ബി പർദീവാല എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇപ്പോൾ തന്നെ ഉണ്ടെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇപ്പോഴും രൂപീകരിക്കാത്തത് ഒഡീഷ മാത്രമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതിൽ നിരവധി തസ്തികകൾ ഇപ്പോഴും ഒഴിവായി കിടക്കുകയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാം എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഉറപ്പു നൽകി. ഇതോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ ഒഴിവുകൾ നികത്തണമെന്നും ഒഡീഷയോട് സംസ്ഥാന ഹജ്ജ് കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകണമെന്നും ചീഫ് ജസ്റ്റീസ് നിർദേശിച്ചു.