Sorry, you need to enable JavaScript to visit this website.

ഇന്നസെന്റിന്റെ 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' അറബിയിലേക്ക്

ദമാം- മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വാക്കുകകളും വരികളും ആരുടെതാണ് എന്ന് ചോദിച്ചാല്‍ ഫിലിം സ്റ്റാര്‍ ഇന്നസെന്റ് മാത്രമാണെന്ന് സിസ്സംശയം പറയാന്‍ സാധിക്കും. പ്രമുഖ സാഹിത്യകാരന്‍ സത്യന്‍ അന്തിക്കാട് ഒരുകാലത്ത് ഇന്നസെന്റിനെ പരിചയപ്പെടുത്തിയിരുന്നത് എഴുതാത്ത ബഷീര്‍ എന്നായിരുന്നു. എന്നാല്‍ പിന്നീട് ഇന്നസെന്റിന്റെ വീക്ഷണങ്ങളും കലയും ജീവിതവുമെല്ലാം അച്ചടി മഷി പുരണ്ടുതുടങ്ങിയതോടെ ആ അഭിപ്രായത്തിന് തിരുത്ത് സംഭവിച്ചിട്ടുണ്ട്. മലയാള മനസ്സുകളെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇന്നസെന്റിനു സമൂഹത്തിലെ മാറാരോഗികളോട്, നിരാശയും ദുഖവും കടിച്ഛമര്‍ത്തി രാപകല്‍ മുന്നോട്ടു തള്ളിനീക്കുന്നവരോട് ചിലത് പറയാനുണ്ട്. അതാണ് തന്റെ 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന രചനയില്‍ അദ്ദേഹത്തിന് നല്‍കാനുള്ള മുഖ്യസന്ദേശമെന്ന്്് പ്രമുഖ അറബി ഭാഷാ പണ്ഡിതനും പുസ്തക രചയിതാവുമായ ഇ. യൂസുഫ് സാഹിബ് നദ്്‌വി അഭിപ്രായപ്പെട്ടു.

നിരവധി ഇന്ത്യന്‍ ഭാഷകളിലും ഇറ്റാലിയന്‍ ഭാഷയിലും മൊഴിമാറ്റം ചെയ്യപ്പെട്ട 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' ഇപ്പോള്‍ അറബിഭാഷയിലേക്കും ഭാഷാന്തരം ചെയ്യപ്പെടുന്നു. കായംകുളം എം.എസ്.എം കോളേജ്, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ അറബിഭാഷാ വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഓച്ചിറ ഉണിശ്ശേരില്‍ ഇ. യൂസുഫ് സാഹിബ് നദ്‌വിക്കാണ് ഇന്നസെന്റ് ഇതിനുള്ള അനുമതിയും സമ്മതപത്രവും നല്‍കിയത്. 2013 ലാണ് 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' ഇതിന്റെ ഒന്നാമത്തെ മലയാളം പതിപ്പ് പുറത്തുവന്നത്. 2019 ല്‍ പതിനാറാമത്തെ എഡിഷനോടെ ഏകദേശം 67,000 കോപ്പികള്‍ അച്ചടിച്ചിട്ടുണ്ട്. നിലവില്‍ അത് ഒരുലക്ഷം കവിഞ്ഞു.  പുസ്തകത്തിന്റെ ഒന്നാമത്തെ പതിപ്പ് പുറത്തുവന്ന കാലംമുതല്‍തന്നെ തനിക്ക് ഇന്നസെന്റുമായി ബന്ധമുണ്ടെന്ന് പരിഭാഷക്ക് അനുമതി നേടിയ ഇ. യൂസുഫ് സാഹിബ് നദ്‌വി പറയുന്നു. ഇതിനിടയില്‍ പല സന്ദര്‍ഭങ്ങളിലുമായി ഈ പുസ്തകത്തെ സംബന്ധിച്ച് മണിക്കൂറുകളോളം ചര്‍ച്ച ചെയ്തിട്ടുണ്ട്. എപ്പോള്‍ ഫോണില്‍ വിളിച്ചാലും ഇന്നസെന്റ് തന്നെയായിരിക്കും ഫോണ്‍ അറ്റന്റ് ചെയ്യുന്നത്. ഉപചാരങ്ങളില്ലാതെ മണിക്കൂറുകളോളം തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന മലയാളത്തിലെ ഏക വി.ഐ.പി അത് ഇന്നസെന്റ് മാത്രമാണെന്ന് പരിഭാഷകന്‍ ഓര്‍ക്കുന്നു.

കഴിഞ്ഞ മാസം ഫോണില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് വരട്ടെയെന്നു സമ്മതം ചോദിച്ചിരുന്നതായും തൊട്ടടുത്ത ദിവസം രാവിലെ ഇന്നസെന്റ് നേരില്‍ വിളിച്ചു ഏറണാകുളം ലേക്ക്‌ഷോറില്‍ ഉണ്ടെന്നും അവിടെ വന്നാല്‍ നേരില്‍ കാണാമെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസംതന്നെ താന്‍ ലേക്‌ഷോറിലേക്ക് യാത്ര തിരിക്കുകയും ചികിത്സക്ക് വേണ്ടി അഡ്മിറ്റ് ആയതിനാല്‍ നേരില്‍ കാണാനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ആശുപത്രിയിലെത്തി കൗണ്ടറില്‍ വിവരം പറഞ്ഞതോടെ എട്ടാം നിലയിലെ വി.ഐ.പി ഡീലക്‌സ് റൂമില്‍ എത്താനുള്ള നിര്‍ദ്ദേശം ലഭിച്ചു.
ചികിത്സയിലാണ് സംസാരിക്കുന്നതിന് നിയന്ത്രണമുണ്ട് എന്ന് ഇന്നസെന്റ് പറഞ്ഞു. പുസ്തകം അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള അനുമതിക്ക് രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആവശ്യമുള്ളത് എഴുതിനല്‍കാന്‍ അദ്ദേഹം പറഞ്ഞു. അതനുസരിച്ച് തയാറാക്കപ്പെട്ട അനുമതിയില്‍ ഇന്നസെന്റു സന്തോഷത്തോടെ ഒപ്പിട്ടുനല്‍കിയത്് ഓര്‍ക്കുന്നതായും കൂടെ രചനയുടെ മലയാളം പ്രതിയും കയ്യൊപ്പിട്ട് നല്‍കിയെന്നും പരിഭാഷകനായ ഇ. യൂസുഫ് സാഹിബ് നദുവി പറഞ്ഞു. ഈ സമയം ഭാര്യ ആലീസും അടുത്തുണ്ടായിരുന്നു. യാത്രപറഞ്ഞു തിരികെയിറങ്ങുമ്പോള്‍ പിന്നില്‍നിന്നും ഇന്നസെന്റ് പിന്നെയും വിളിച്ചു. 'പരിഭാഷയെല്ലാം ഉഷാര്‍ ആക്കണം.... ട്ടോ...' എന്നൊരു നിര്‍ദ്ദേശവും കൂടി നല്‍കിയത് ഏറെ വേദനയോടെ ഓര്‍ക്കുന്നതായി യൂസുഫ് നദ്‌വി മലയാളം ന്യൂസിനോട്്് പറഞ്ഞു.
 
'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' പരിഭാഷപ്പെടുത്താന്‍ അനുമതി നേടിയ തമിഴ്നാട്ടിലെ ഒരു പ്രമുഖന്റെ അനുഭവം ഒരിക്കല്‍ ഇന്നസെന്റു പങ്ക് വെച്ചിരുന്നു. പുസ്തകം പരിഭാഷപ്പെടുത്തി തന്നെ അറിയിക്കാമെന്ന് പറഞ്ഞുപോയ അദ്ദേഹം തുടര്‍ന്ന് തന്നെ വിളിക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തില്ല. രുദിവസം ഇന്നസെന്റ്്് തന്നെ അങ്ങോട്ട് ഫോണ്‍വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചു. ഇതേ സമയം അദ്ദേഹത്തിന്റെ മകനായിരുന്നു ഫോണ്‍ അറ്റന്റ് ചെയ്തത്. അച്ഛന്‍ പുസ്തകം പരിഭാഷപ്പെടുത്തി എതാനും നാളുകള്‍ക്കകം മരണപ്പെട്ടുവെന്ന ദുഖവാര്‍ത്ത അദ്ദേഹത്തിന്റെ മകന്‍ കൈമാറിയത് ഏറെ വിഷമത്തോടെയാണ് തന്നോട് പങ്കു വെച്ചത്്. ഇറ്റാലിയന്‍ ഭാഷയില്‍ ഇത് പരിഭാഷപ്പെടുത്തിയ സബ്രീന ലീയെ അറിയാമെന്ന് പറഞ്ഞപ്പോള്‍ ഇന്നസെന്റിന്റെ പ്രതികരണം 'എനിക്ക് ഇറ്റാലിയന്‍ അറിയില്ലല്ലോ.....' എന്നായിരുന്നു. ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ കുട്ടികളുടെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഒരുദിവസം വരണമെന്ന് സൂചിപ്പിച്ചപ്പോള്‍ 'അതിനെന്താ എത്താമല്ലോ.....' എന്ന ആവേശത്തോടെയുള്ള ഇന്നസെന്റിന്റെ പ്രതികരണം തന്നെ ഏറെ അത്ഭുതപ്പെടുത്തിയതായി പരിഭാഷകന്‍ സൂചിപ്പിച്ചു. ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ 'അതിനെന്താ നമ്മള്‍ എപ്പോഴും സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടല്ലേ....ഓച്ചിറ, നോക്കട്ടെ' എന്നായിരുന്നു മറുപടി. പരിഭാഷയുടെ പ്രകാശനത്തിന് തനിക്കും സന്നിഹിതനാകണമെന്നാണ് ആഗ്രഹമെന്ന് ഇന്നസെന്റ് പറഞ്ഞിരുന്നതായി യൂസുഫ് നദ്‌വി പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മായുടെ ആടും, ബാല്യകാല സഖിയും മാത്രമാണ് ഞാന്‍ ജീവിതത്തില്‍ വായിച്ചിട്ടുള്ള രണ്ടു പുസ്തകങ്ങളെന്നും ക്യാന്‍സര്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രമുഖനായ ഭിഷഗ്വരന്‍ ഡോ. ഗംഗാധരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ എഴുത്തിന്റെ ലോകത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയതെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ഡോ. ഗംഗാധരന്റെ നിരീക്ഷണത്തില്‍ ക്യാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ മരുന്നാണ് ഇന്നസെന്റ് എന്നത്് ഏറെ ശ്രദ്ധേയമാണിവിടെ.

'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകം അറബിയിലേക്കുള്ള പരിഭാഷ എത്രയുംവേഗം പൂര്‍ത്തീകരിക്കാണമെന്നാണ് ആഗ്രഹം. രാവും പകലും അതിനുള്ള സജീവപരിശ്രമത്തിലാണ്. പ്രമുഖന്മാരായ ഭാഷാ വിദഗ്ധന്മാരുടെ സഹായവും പിന്തുണയും ഈ പരിശ്രമത്തിന് ലഭിച്ചിട്ടുണ്ടെന്നും യൂസുഫ് സാഹിബ് നദ്‌വി പറഞ്ഞു. ഇതിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ജി.സി.സി യിലെ പ്രമുഖ പ്രസാധകരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരുന്നതായും വൈക്കം മുഹമ്മദ് ബഷീര്‍, ഖുശ്വന്ത് സിംഗ് തുടങ്ങിയ പ്രമുഖന്മാരുടെ ഏതാനും ചെറുകഥകള്‍ നേരത്തെ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും യൂസുഫ് നദ്‌വി പറഞ്ഞു. ഉംറ നിര്‍വഹിക്കാനായി സൗദിയില്‍ എത്തിയ ഇദ്ദേഹം മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു. പ്രമുഖ ദേശീയനേതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ച് അറബിയില്‍ പഠനം പ്രസിദ്ധപ്പെടുത്തി. ശ്രീനാരായണാ ഓപ്പണ്‍ സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലറും പാഠപുസ്തക രചനാസമിതി അംഗവുമാണ്. കൃഷ്ണപുരം കാപ്പില്‍ തയ്യില്‍തെക്ക് എല്‍.പി.എസിലെ അധ്യാപകനായിരുന്ന ഓച്ചിറ ഉണിശ്ശേരില്‍ ഇസഹാക്ക് കുഞ്ഞിന്റെയും പുലത്തറയില്‍ പരേതയായ ഷരീഫാ ബീവിയുടെയും മകനാണ്. ഭാര്യ: കായംകുളം ഫിത്ത്‌റ അക്കാദമി അധ്യാപിക മുഹ്‌സിന. മക്കള്‍: മര്‍യംഹിബ (കായംകുളം ഗേള്‍സ് എച്ച് .എസ്. എസ്) ഫര്‍ഹാന്‍ മുഹമ്മദ്, മുഹമ്മദ് റയ്യാന്‍( ഓച്ചിറ ഗവ. എച്ച്.എസ്.എസ്).

 

Latest News