കൊച്ചി- തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളില്‍ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകര്‍ഷകരാണെന്ന് പഠനം. സംസ്ഥാനത്തെ ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങള്‍ ഒരു യൂണിറ്റില്‍ നിന്നും രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനം പറയുന്നു. ഒരു കൂടുകൃഷി യൂണിറ്റില്‍ നിന്ന് മാത്രം എട്ട് മാസംവരെ നീണ്ടുനില്‍ക്കുന്ന ഒരു സീസണില്‍ 3 ലക്ഷം രൂപവരെ തീരദേശവാസികള്‍ക്ക് അധികവരുമാനം നേടാം. മീനും കടല്‍പായലും കക്കവര്‍ഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റില്‍ നിന്നും ഇതില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
ഓരോ വര്‍ഷവും ചുഴലിക്കാറ്റും മറ്റ് പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യബന്ധന ദിനങ്ങള്‍ കുറയുമ്പോള്‍ കൂടുമത്സ്യകൃഷി, കടല്‍പായല്‍ കൃഷി തുടങ്ങിയ മാരികള്‍ച്ചര്‍ സംരംഭങ്ങള്‍ അധികവരുമാനത്തിനുള്ള മികച്ച അവസരമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ ആറ് തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികള്‍ച്ചര്‍ സംരംഭങ്ങളുടെ സാമൂഹികസാമ്പത്തികപാരിസ്ഥിതിക ഘടകങ്ങള്‍ പരിശോധിച്ചുനടത്തിയ പഠനമാണിത്. സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ ഷിനോജ് പാറപ്പുറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം ഫ്രണ്ടിയര്‍ ഇന്‍ സസ്റ്റയിനബിള്‍ ഫുഡ് സിസ്റ്റം എന്ന അന്തര്‍ദേശീയ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാരികള്‍ച്ചര്‍ സംരഭങ്ങള്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. എട്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന ഒരു യൂണിറ്റ് കൂടുമത്സ്യകൃഷിക്ക് 175 മുതല്‍ 396 വരെ തൊഴില്‍ദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഭക്ഷ്യമരുന്ന്‌വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ കടല്‍പായല്‍ ധാരാളമായി ആവശ്യമായിവരുന്നതിനാല്‍ ഇവയുടെ കൃഷിക്ക് മികച്ച വരുമാന സാധ്യതയാണുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന മാരികള്‍ച്ചര്‍ കൃഷികളില്‍ ആന്റിബയോട്ടികിന്റെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പൊതുജലാശയങ്ങളിലെ സംരംഭങ്ങളായതിനാല്‍ ഇവക്ക് നിയമപരിരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. അതാത് സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ ഇതിന് ശ്രമങ്ങളുണ്ടാകണം. നിയമപരിരക്ഷ ഇല്ലാത്തത് കാരണമാണ് മികച്ച വരുമാന സാധ്യതയുള്ള ഈ മേഖലയിലേക്ക് വന്‍തോതിലുള്ള സംരഭങ്ങള്‍ കടന്നുവരാത്തത്. ആവശ്യമായ അളവില്‍ ഗുണമേന്‍മയുള്ള വിത്തുകളും തീറ്റകളും ലഭ്യമാകാത്തതും പ്രധാന പ്രതിസന്ധികളാണ്.
മാരികള്‍ച്ചര്‍ സംരഭങ്ങളില്‍ മെച്ചപ്പെട്ട മത്സ്യകൃഷിരീതികളും ഭക്ഷ്യസുരക്ഷ മാനദണ്ഢങ്ങളും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുളള നിര്‍ദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ, ഗുണമേന്‍മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, വിപണി പരിഷ്‌കരണം തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദേശങ്ങള്‍.