Sorry, you need to enable JavaScript to visit this website.

കോവിഡ് കഴിഞ്ഞിട്ടും യാത്ര നിരക്ക് കുറഞ്ഞില്ല

കോവിഡ് കാലത്ത് പൂർണമായും റദ്ദാക്കുന്നതിന് മുമ്പ് മറുനാടൻ തൊഴിലാളികളുമായി മുംബൈ സെൻട്രലിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനിലെ തിരക്ക് (ഫയൽ) 
കൊൽക്കത്തയിലെ ട്രെയിനിൽ കോവിഡ് കാലത്തെ തിരക്ക് (ഫയൽ) 

ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ യാത്ര സംവിധാനങ്ങളിലൊന്നായിരുന്നു റെയിൽവേയിലെ പാസഞ്ചർ ട്രെയിൻ യാത്ര. വിസ്തൃതമായ രാജ്യത്തിന്റെ ഏത് ഭാഗത്തും ഇവയുടെ സേവനം ലഭ്യമായിരുന്നു. പലപ്പോഴും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കുമ്പോൾ അതിലും ലാഭം ലോക്കലിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യലാണെന്ന് പറയാറുണ്ട്. കോൺഗ്രസ്, സഖ്യകക്ഷികൾ, എൻ.ഡി.എ ഭരണത്തിലൊന്നും റെയിൽവേ ബജറ്റിൽ തൊടാത്ത വിഭാഗമായിരുന്നു ഇത്. കോവിഡ് മഹാമാരിക്ക് മുമ്പ് ലോക്കലിൽ മിനിമം യാത്ര നിരക്ക് പത്ത് രൂപയായിരുന്നു. ഒരു പക്ഷേ, സ്റ്റാലിന്റെ നാട്ടിലെയും പുതുശ്ശേരിയിലെയും ബസ് മിനിമം നിരക്ക് കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ചാർജ്. രണ്ടിടത്തും അഞ്ച് രൂപയാണ് ഇപ്പോഴും കിലോ മീറ്ററുകൾ യാത്ര ചെയ്യാനുള്ള റേറ്റ്. പാസഞ്ചർ ട്രെയിനിൽ പത്ത് രൂപ കൊടുത്ത് യാത്ര ചെയ്യാമെന്നത് റെയിൽ കണക്റ്റിവിറ്റിയുള്ള ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിലെ സാധുക്കൾക്ക് അനുഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെയാണ് റെയിൽ ബജറ്റ് അവതരിപ്പിച്ചിരുന്ന മുൻകാല സർക്കാരുകൾ വരുമാനം കൂട്ടാൻ മറ്റു വഴികൾ നോക്കിയപ്പോൾ ഈ വിഭാഗത്തെ ഒഴിവാക്കിയത്. തപാൽ നിരക്കുകൾ കൂട്ടിയാലും പോസ്റ്റ് കാർഡിന് വില കൂട്ടാത്തത് പോലെ ഒരു സൗകര്യം. എന്നാൽ അതെല്ലാം പഴയ കഥ. മൂന്ന് വർഷത്തിനപ്പുറം കോവിഡ് മഹാമാരി വ്യാപിച്ചപ്പോൾ നിർത്തലാക്കിയതാണ് ഇന്ത്യയിലെ ലോക്കൽ സർവീസുകൾ. പിന്നീട് ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ എല്ലാറ്റിനെയും കോവിഡ് സ്‌പെഷ്യൽ എക്‌സ്പ്രസ് എന്നാക്കി. അതായത് പത്ത് രൂപ മിനിമം നിരക്കിൽ യാത്ര ചെയ്തിരുന്നവരെല്ലാം മുപ്പത് രൂപ നിർബന്ധമായും മുടക്കണം. പല പാസഞ്ചർ ട്രെയിനുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇപ്പോൾ കോർപറേറ്റ് മുതലാളിമാരെ പോലെയാണ് ഇന്ത്യൻ റെയിൽവേയും -എങ്ങനെയും പണം വാരണം. റിസർവേഷൻ നിരക്കുകളിൽ വരുത്തിയ മാറ്റം കോടികളുടെ പ്രതിദിന മാറ്റമാണ് റെയിൽവേക്ക് സമ്മാനിക്കുന്നത്. 
 കഴിഞ്ഞ അഞ്ച് വർഷത്തിനിടെ  ഫ്‌ളെക്സി നിരക്ക്, പ്രീമിയം തത്കാൽ ടിക്കറ്റുകൾ, തത്കാൽ ടിക്കറ്റുകൾ എന്നിവയിലൂടെ സമാഹരിച്ചത് 12,128 കോടി രൂപ. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം കണക്കുകൾ  വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2023 ഫെബ്രുവരി വരെ) ഫ്‌ളെക്‌സി നിരക്ക് വഴി മാത്രം 3792 കോടി രൂപയുടെ അധിക വരുമാനമുണ്ടായതായി റെയിൽവേ മന്ത്രാലയം വെളിപ്പെടുത്തി. പ്രീമിയം തത്കാലിൽ നിന്ന് 2399 കോടി രൂപയും തത്കാലിൽ നിന്ന് 5937 കോടി രൂപയും റെയിൽവേ സമാഹരിച്ചു.
ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകൾ പ്രത്യേകമായി സൂക്ഷിക്കാറില്ലെന്നും ഇത് മിസ്ലേനിയസ് കോച്ചിംഗ് വരവ് കണക്കുകളിൽ ഉൾപ്പെടുത്തുകയാണ് പതിവെന്നും  റെയിൽവേ മറുപടിയിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2023 ജനുവരി വരെ) മിസ്ലേനിയസ് കോച്ചിംഗ് വരവ് ഇനത്തിൽ 7674.63 കോടി രൂപ നേടിയതായും റെയിൽവേ വെളിപ്പെടുത്തി.
2022- 2023 സാമ്പത്തിക വർഷത്തിൽ ഫ്‌ളെക്‌സി നിരക്ക്, പ്രീമിയം തത്കാൽ ടിക്കറ്റുകൾ, തത്കാൽ ടിക്കറ്റുകൾ എന്നീ ഇനത്തിൽ ഫെബ്രുവരി വരെ റെയിൽവേ സമാഹരിച്ചത് 3636 കോടി രൂപയാണ്. 
ലോക്കൽ ടിക്കറ്റിലെ പകൽകൊള്ള പോലെ പ്രധാനമാണ് മുതിർന്ന പൗരന്മാർക്ക് നൽകി വന്നിരുന്ന അവകാശങ്ങൾ റദ്ദാക്കിയത്. 12,128 കോടിയൊക്കെ ഓർക്കാപ്പുറത്ത് കൈവന്നിട്ടും സീനിയർ സിറ്റിസൺ കൺസെഷൻ പുനഃസ്ഥാപിച്ചില്ല. അറുപത് പിന്നിട്ട പുരുഷന്മാർക്ക് നാൽപത് ശതമാനവും 58 കഴിഞ്ഞ വനിതകൾക്ക് അമ്പത് ശതമാനവും എന്നതാണ് സൗജന്യ നിരക്ക്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊന്നും അനുവദിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടാണ് റെയിൽവേക്ക്. 

Latest News