Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂർ-ചെന്നൈ യാത്ര ഇനി ആറ് മണിക്കൂർ 

വന്ദേഭാരത് എക്‌സ്പ്രസ് 

കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഇതാ നമ്മുടെ അയൽപക്കത്തെത്തി. കോയമ്പത്തൂർ-ചെന്നൈ റൂട്ടിലാണ് പുതുതായി ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ സെമി ഹൈസ്പീഡ് ട്രെയിനുകളായ വന്ദേഭാരത്  ഓടിത്തുടങ്ങുന്നത്. എറണാകുളം മുതൽ കണ്ണൂർ വരെ ജില്ലകളിലുള്ളവർക്കും പ്രയോജനം ലഭിക്കും വിധത്തിലാണ് ഇതിന്റെ സമയക്രമീകരണം. ഏകദേശം അഞ്ഞൂറ് കിലോ മീറ്റർ അകലത്തിലാണ് തമിഴുനാടിന്റെ വാണിജ്യ നഗരമായ കോവൈയും തലസ്ഥാനമായ ചെന്നൈയും സ്ഥിതി ചെയ്യുന്നത്. ഈ ദൂരം ആറു മണിക്കൂർ പത്ത് മിനിറ്റ് കൊണ്ട് താണ്ടുന്ന വിധത്തിലാണ് വന്ദേഭാരത് ട്രെയിൻ സർവീസുകൾ. ജനശതാബ്ദിയിൽ തിരുവനന്തപുരത്ത് ചെന്ന് പകൽ കാര്യങ്ങൾ നിർവഹിച്ച് തിരിച്ചെത്തുന്നതിലും എളുപ്പത്തിൽ കോയമ്പത്തൂരിലുള്ള യാത്രക്കാരന് ചെന്നൈയിൽ ചെന്ന് അതേ ദിവസം തിരിച്ചെത്താം. 
വടക്കൻ കേരളത്തിലുള്ള മലയാളികൾക്ക് വേഗത്തിൽ ചെന്നൈയിൽ എത്താൻ ഈ ട്രെയിൻ സഹായകമാകും. കേരളത്തിന്റെ അതിർത്തി ജില്ലകളായ തൃശൂരും പാലക്കാടും കോയമ്പത്തൂരിൽ നിന്ന് ഒരു മണിക്കൂർ റോഡ് യാത്രയിലൂടെ എത്താവുന്ന സ്ഥലങ്ങളാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകൾ രണ്ട് മുതൽ നാല്-അഞ്ച് മണിക്കൂർ സമയമെടുത്ത് എത്താവുന്ന അകലത്തിലുമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം സൗകര്യപ്രദമായ കണക്ഷൻ ട്രെയിൻ സർവീസുകളുമുണ്ടെന്നതാണ് മറ്റൊരു സവിശേഷത. 
കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ ഓടിത്തുടങ്ങുന്നതിന്  മുന്നോടിയായി സമയക്രമം ദക്ഷിണ റെയിൽവേ പുറത്തുവിട്ടു. രാവിലെ 6 മണിക്ക് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചക്ക് 12.10 ഓടെ ചെന്നൈയിൽ എത്തും. തിരികെ ഉച്ചക്കു ശേഷം 2.20 ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30 ഓടെ കോയമ്പത്തൂരിൽ എത്തിച്ചേരും.
495.28 കിലോമീറ്റർ ദൂരം ആറ് മണിക്കൂറും പത്ത് മിനിറ്റും കൊണ്ട് ഓടിയെത്തുമെന്നാണ് ടൈംടേബിൾ വ്യക്തമാക്കുന്നത്. നിലവിൽ കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ സമയമെടുത്താണ് വിവിധ ട്രെയിനുകൾ ഓടുന്നത്.
ചെന്നൈക്കും കോയമ്പത്തൂരിനും ഇടയിൽ മൂന്ന് സ്റ്റോപ്പുകളാണ് വന്ദേഭാരത് എക്‌സ്പ്രസിന് ഉള്ളത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് വന്ദേഭാരത് എക്‌സ്പ്രസ് നിർത്തുന്നത്. ബുധനാഴ്ച  ഒഴികെ എല്ലാ ദിവസങ്ങളിലും ഈ ട്രെയിൻ സർവീസ് നടത്തും.
കോയമ്പത്തൂർ- രാവിലെ 6 മണി, തിരുപ്പൂർ- 6.40-6.43 ഈറോഡ്- 9.17-9.20, സേലം- 8.08-8.10, ചെന്നൈ സെൻട്രൽ- 12.10 എന്നിങ്ങനെയാണ് അപ് ട്രെയിനിന്റെ സമയക്രമം. മൂന്ന് സ്റ്റോപ്പുകളും വ്യവസായ-വാണിജ്യ കേന്ദ്രങ്ങളാണ്. ഡൗൺ ട്രെയിനായ ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈ സെൻട്രലിൽ നിന്ന് ഉച്ചക്കു ശേഷം 2.20 ന് യാത്ര പുറപ്പെടും. സേലം- 6.03-6.05, ഈറോഡ്- 7.02-7.05, തിരുപ്പൂർ- 7.43-7.45 ശേഷം കോയമ്പത്തൂരിൽ രാത്രി  8.30 ന് യാത്ര അവസാനിപ്പിക്കും. അതായത് കേരളത്തിലെ സമീപ ജില്ലകളിലുള്ളവർക്ക് അതേ ദിവസം അർധരാത്രിക്ക് മുമ്പ് നാട്ടിൽ തിരികെ എത്താനാവും. 
ഈ ട്രെയിൻ യഥാർഥത്തിൽ മംഗളൂരുവിലേക്കോ, കോഴിക്കോട്ടേക്കോ വരേണ്ടതായിരുന്നു. ഇതിനായി സമ്മർദം ചെലുത്തി നേടിയെടുക്കാൻ പാകത്തിൽ എം.പിമാരില്ലാത്ത പ്രദേശങ്ങളായി ഉത്തര കേരളമെന്നതാണ് കാരണം. രാഷ്ട്രീയം മാത്രം മുൻ നിർത്തിയാണെങ്കിൽ ചെന്നൈ മുതൽ കോയമ്പത്തൂർ വരെ എം.പിമാരെല്ലാം ഡി.എം.കെ-കോൺഗ്രസ് കക്ഷികളാണല്ലോ. വടക്കൻ കേരളത്തിലെ റെയിൽപാത വന്ദേഭാരത് സർവീസ് നടത്താൻ പാകമാണെന്നായിരുന്നു റെയിൽവേയുടെ റിപ്പോർട്ട്. തെക്കൻ കേരളത്തിലാണ് പ്രശ്‌നം. ഇതിനായി വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറക്കുന്ന കാര്യം പോലും റെയിൽവേ ആലോചിക്കുന്നുണ്ട്. എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം മേഖലയിൽ നിന്ന് വന്ദേഭാരതിനായി സമ്മർദം ഏറിവരുന്നത് കണക്കിലെടുത്താണിത്. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അടുത്ത ദിവസം കേരളത്തിലെത്തുന്നുണ്ട്. കേരളത്തിന് വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ പ്രഖ്യാപനം മന്ത്രിയുടെ സന്ദർശന വേളയിലായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 

 

Latest News