റിയാദ് - കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ദിവസങ്ങൾക്കു മുമ്പ് റിയാദിൽ ആരംഭിച്ച ബസ് സർവീസുകളോട് നഗരവാസികൾ പുറംതിരിഞ്ഞുനിൽക്കുന്നു. റോഡുകളിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ പോലും ബസുകൾ പൂർണമായും കാലിയായാണ് സർവീസുകൾ നടത്തുന്നത്. സീറ്റുകളിൽ ഒരു യാത്രക്കാരൻ പോലുമില്ലാത്ത ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നഗരവാസികൾ സ്വകാര്യ വാഹനങ്ങൾ ശീലിച്ചതിനാൽ യാത്രകൾക്ക് സ്വന്തം വാഹനങ്ങൾ ഉപേക്ഷിക്കുക പ്രയാസമാണെന്നും മെട്രോ സർവീസ് ആരംഭിച്ചാലും ഇതേ പ്രശ്‌നം തന്നെ നേരിടേണ്ടിവരുമെന്നും സാമൂഹികമാധ്യമ ഉപയോക്താക്കളിൽ ഒരാൾ അഭിപ്രായപ്പെട്ടു.
തിരക്കേറിയ റോഡുകളിലൂടെയാണ് ബസുകൾ സഞ്ചരിക്കുന്നത്. റോഡുകളിൽ ബസുകൾക്ക് പ്രത്യേക ട്രാക്കുകൾ നിശ്ചയിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തിൽ വേഗത്തിലുള്ള യാത്രകൾക്ക് ബസുകളെ അപേക്ഷിച്ച് സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ എളുപ്പമെന്ന് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഖാദി പറഞ്ഞു. റിയാദിലെ റോഡുകളിലെ തിരക്ക് കുറക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനും ഏറ്റവും മികച്ച പോംവഴി ബസുകൾക്ക് മാത്രമായി പ്രത്യേക ട്രാക്കുകൾ നീക്കിവെക്കുന്നതാണ്. ഇതുവഴി കാലതാമസം കൂടാതെ ബസുകൾക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
റമദാനിൽ രാവിലെ 7.30 മുതൽ പുലർച്ചെ 3.30 വരെ ബസ് സർവീസുകളുണ്ട്. റിയാദ് ബസ് പദ്ധതിയുടെ ഭാഗമായി ആകെ 86 റൂട്ടുകളിലാണ് ബസ് സർവീസുകൾ നടത്തുക. ദിവസങ്ങൾക്കു മുമ്പ് ആരംഭിച്ച ആദ്യ ഘട്ടത്തിൽ 15 റൂട്ടുകളിലാണ് സർവീസുകളുള്ളത്. ഇതിന് 340 ബസുകൾ ഉപയോഗിക്കുന്നു. ആദ്യ ഘട്ടത്തിൽ 633 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമാണുള്ളത്. നാലു റിയാലാണ് ടിക്കറ്റ് നിരക്ക്. ബസിൽ കയറുന്നതു മുതലോ ആപ്പിൽ ടിക്കറ്റ് ആക്ടിവേറ്റ് ചെയ്യുന്നതു മുതലോ രണ്ടു മണിക്കൂറാണ് ടിക്കറ്റ് കാലാവധി.
فيديو | في وقت الذروة الحافلات بلا ركاب..
— قناة الإخبارية (@alekhbariyatv) March 27, 2023
هل خضت تجربة ركوب الحافلة؟#الإخبارية pic.twitter.com/Z9gBBwDKW1