'ഉദര നിമിത്തം ബഹുകൃത വേഷം' എന്നാണ് കവിവാക്യം. രജിസ്റ്ററോഫീസിൽ ചെന്നിട്ട് സാക്ഷി നിൽക്കാൻ ഒരാളെപ്പോലും കിട്ടാഞ്ഞിട്ട് ആ സ്ഥാനമേറ്റെടുത്തയാളെ ഒരു കാരണവശാലും അക്കൂട്ടത്തിൽ പെടുത്തരുത്. കൊച്ചിൻ ഡെലവപ്‌മെന്റ് അതോറിറ്റിയുടെ ചെയർമാൻ സ്ഥാനം വരെ 'ഐ' ഗ്രൂപ്പിന്റെ ലിഫ്റ്റിൽ കയറി ഉയർന്ന മഹാനാണ് എൻ. വേണുഗോപാൽജി. അദ്ദേഹത്തിന്റെ മകനെയാണ് വെറും ഒരു ഉപകരാറിന്റെ പങ്കാളിയാക്കി ചിത്രീകരിച്ചത്. കടുംകൈ എന്നല്ലാതെ എന്തു പറയാൻ! മൊത്തം ബ്രഹ്മപുരം തന്നെ വിഷപ്പുക ഉൾപ്പെടെ വാങ്ങാൻ കഴിവുള്ളവരാണ്. ഉപകരാറുകാരനുമായുള്ള ദീർഘകാലത്തെ സുഹൃദ് ബന്ധം വേരറ്റു പോകണ്ടെന്നു കരുതി കരാറിന്റെ ഒരു മൂലക്ക് സാക്ഷിയായി ഒപ്പിട്ടുകൊടുത്തു. സമ്പ്രദായമനുസരിച്ച് അഞ്ചു രൂപ 'ചായക്കാശ്' കിടയ്ക്കും. കേന്ദ്രനും സംസ്ഥാനിയും മത്സരിച്ചു വില കയറ്റുന്നതിനാൽ ടി തുക 'പത്താ'യി ആരോ ഉയർത്തിക്കൊടുത്തു. അഴിമതി, കെടുകാര്യസ്ഥത എന്നൊക്കെ കേൾക്കുമ്പോൾ തന്നെ 'തുള്ളൽപനി' പിടിപെടുന്ന ദേഹമാണ് നേതാവ്. പുത്രനും ഒട്ടും മോശമാകാൻ തരമില്ല. പ്രായം കൊണ്ടും മുമ്പു പറഞ്ഞ അതോറിറ്റിയിലെ അനുഭവ പരമ്പര കൊണ്ടും ഇരുത്തം വന്ന ദേഹത്ത് ഇനി പനിയും വിറയലും പിടിപെടുകയില്ല. അതിനാൽ തന്നെ വേണുഗോപാൽജി സമചിത്തതയോടെ ആരോപണം നേരിട്ടു. പുത്രനെ 'പുഷ്പം' പോലെ അതിൽനിന്നു നുള്ളിയെടുക്കുകയും ചെയ്തു. എന്നാൽ മറ്റൊരു പരാതി അദ്ദേഹം ചാനൽ മുഖേന ഉന്നയിച്ചു. ഈയടുത്ത കാലത്തൊന്നും ചാനലിൽ കാണാത്തതിന്റെ ദുഃഖമാകണം പിന്നിൽ. മരുമകളെ സ്വന്തം പാർട്ടിക്കാർ തന്നെ അതിന്റെ പേരിൽ പിന്തുടർന്നുവത്രേ! പിന്നെ ആരാണ് അതു നിർവഹിക്കുക? കൊച്ചി മേയറായിരുന്ന 'എ' ഗ്രൂപ്പുകാരിയെ നേതാവു പിന്തുടർന്ന കാലം പെട്ടെന്നു മറന്നുപോയിരിക്കാം. മറവി രോഗം നമ്മുടെ നാട്ടിൽ ഏറ്റവുമധികം കാണപ്പെടുന്നത് നേതാക്കളിൽ തന്നെയാണല്ലോ! കോൺഗ്രസുകാരാണ് പിന്തുടർന്നതെങ്കിൽ വിഷമിക്കാനില്ല; അവർക്കു രേഖകൾ അരിച്ചു പെറുക്കാനുള്ള കഴിവൊന്നുമില്ല. ഏറിയാൽ, സന്തം ഉള്ളം കൈയിലെ രേഖകൾ പരിശോധിച്ച് മന്ത്രിയാകുമോ എം.പിയോ എമ്മെല്ലെയോ ആകുമോ എന്നൊക്കെ നിനച്ച് ഉമിനീരിറക്കുവാനുള്ള ത്രാണി മാത്രമാണ് അവശേഷിക്കുന്നത്.
പിന്തുടർന്ന് പെൺകുട്ടികളെ സുരക്ഷിതമായി എത്തിക്കുന്ന ജോലികൾ നമ്മുടെ പാർട്ടിക്കാർ ഗ്രൂപ്പ് ഭേദമില്ലാതെ സഹകരിക്കന്നുണ്ടെങ്കിൽ അതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടത്. ഏതായാലും ഉപകരാർ കമ്പനിയിലെ 'പോർട്ണർഷിപ്പിൽ' നിന്നും ഒഴിഞ്ഞല്ലോ! പൊതുവെയുള്ള കാലാവസ്ഥ കണ്ടിട്ട്, ഇനിയുളള കാലം നമ്മുടെ പാർട്ടിക്കാർ 'സാക്ഷിപ്പടി' വണ്ടി കാലം കഴിച്ചുകൂട്ടേണ്ടി വരുമെന്നു തന്നെ തോന്നുന്നു. ഏതു പണിയിലും അഭിമാനം കണ്ടെത്തണം നേതാവേ!
**** **** ****
'ഒരു കോപം കൊണ്ടങ്ങോട്ടു ചാടിയാൽ മറുകോപം കൊണ്ടിങ്ങോട്ടു പോരുമോ?' എന്നൊരു ചൊല്ലുണ്ട്. കേട്ടാൽ ഇന്ത്യയൊട്ടാകെ നടക്കുന്ന കാലുമാറ്റത്തെക്കുറിച്ചാണെന്നു തോന്നാം; തെറ്റില്ല. എന്നാൽ കാലിനേക്കാളുപരി, വായ്ക്കകത്തെ നാവിനു പ്രാധാന്യമേറുന്ന കാലം എത്തിക്കഴിഞ്ഞു. പാർലമെന്റിൽ മിണ്ടാൻ കഴിയാത്തതിനാൽ, ലണ്ടനിൽ ചെന്നു വാതുറക്കുകയും സ്വന്തം വേദനകൾ ഒറ്റയടിക്ക് ഫുൾസ്റ്റോപ്പും കോമയുമില്ലാതെ വിളിച്ചു പറയുകയും ചെയ്തു രാഹുലൻ. ഫലം? പഴയൊരു സുപ്രീം കോടതി മുന്നറിയിപ്പു പോലും കക്ഷി മറന്നുപോയി. കോപം, കാമം, വിശപ്പ് തുടങ്ങിയ വികാരങ്ങൾ മനുഷ്യരെ കണ്ണും കാതുമില്ലാത്തവരാക്കി മാറ്റും. തത്സമയം വികൃതിയായ നാക്ക് പ്രക്ഷേപണം തുടങ്ങും. ഇന്ത്യ ലോകത്തിന്റെ നിറുകയിലും ഭരണകക്ഷി നേതാവ് അതുക്കും മേലെയും നിൽക്കുന്ന കാലമാണെന്നോർത്തില്ല. പണ്ടു കേരളത്തിലെ ഒരു മാന്യനു നാവിന്റെ ഗുണം കൊണ്ടു മന്തിസ്ഥാനം പോയി വാളകത്തെ വീട്ടിൽ ചെന്നിരിക്കേണ്ടി വന്നു. മറ്റൊരു 'ജയന്റ് കില്ലർ' ആയ നീലലോഹിത ദാസിനെ ചതിച്ചത് സ്വന്തം വികൃതികളായ 'കൈകൾ' തന്നെ ആയിരുന്നു. അന്ന് ശിക്ഷവിധി ഒരു കാരണവശാലും രണ്ടു വർഷമാകാതെ നേതാക്കൾ അദ്ദേഹം 'പെടാപ്പാടു പെട്ടത് സമീപസ്ഥർക്കും സ്വന്തം കുടുംബത്തിനും മാത്രമേ അറിയൂ. ഈ രണ്ടു വർഷം ഒരു വൻമല തന്നെയാണ്. പിന്നെ അടുത്ത ജന്മത്തിലേ മത്സരിക്കാൻ കഴിയൂ. മുപ്പതു ദിവസത്തിനുള്ളിൽ ഒരു 'നീക്കുപോക്ക്' പ്രതീക്ഷിക്കുന്നുണ്ടോ ആവോ! എങ്കിൽ കോൺഗ്രസ് രക്ഷപ്പെടും; അല്ലെങ്കിൽ മല്ലികാബാണൻ! എന്തായാലും മോഡിജി രക്ഷപ്പെട്ടു!
**** **** ****
അധികാരം ചില സ്ഥാനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നതിനെതിരെ വയനാട് എം.പി ഏതാണ്ട് ചിലതൊക്കെ പറഞ്ഞു അമർഷം കാട്ടിയത്രേ! ജനപ്രതിനിധികളുമായി ഒരു മണിക്കൂർ ചർച്ച വേറെയും. മണ്ഡലത്തിലെത്തിയാൽ മറ്റു നേരമ്പോക്കുകളൊന്നും ഇല്ലാഞ്ഞിട്ടാകാം. തുടർന്നാണ് യു.ഡി.എഫ് യോഗത്തിൽ കണ്ടെത്തിയ വനിതകളുടെ അഭാവം. രണ്ടിടത്തും പുരുഷന്മാർ മാത്രം. കേരള ജനസംഖ്യയിൽ കൂടുതൽ വനിതകളാണെന്ന കണക്ക് എഴുതിയുണ്ടാക്കിയവരെ തല്ലണം. വേദി നിറയെ പുരുഷന്മാർ. എന്താണിങ്ങനെ എന്നു ചോദിക്കുന്നവരോട് കൽപറ്റയിൽ പുലി ഇറങ്ങിയോ, അതോ കോൺഗ്രസുകാരോ എന്നേ ചോദിക്കാനുള്ളൂ. സ്വന്തം പാർട്ടിയുടെ മാഹാത്മ്യം വയനാട് എം.പി തിരിച്ചറിഞ്ഞുവെങ്കിൽ നന്ന്.
**** **** ****
സഭ ടി.വിയിൽ പ്രതിപക്ഷ മുഖങ്ങൾ കാണിച്ചില്ലെങ്കിൽ സ്വന്തമായി ദൃശ്യങ്ങൾ പകർത്തിക്കാട്ടുമെന്നു സതീശനാശാൻ പ്രഖ്യാപിച്ചു കളഞ്ഞു. ഭവിഷ്യത്തുകൾ ആലോചിച്ചിട്ടാണോ ആവോ! ഘടക കക്ഷികൾ അതിശക്തരാണ്.
അവരുടെ പ്രസംഗ സമയം, ഡയലോഗ് ഡെലിവറി റോളുകൾ ഇത്യാദി കാര്യങ്ങൾ 'എഡിറ്റ്' ചെയ്യുന്നത് 'ഹിമാലയൻ തലവേദന'യാകും. സഭ മന്ദിരത്തിന്റെ ഓരത്തോ, മെയിൻ റോഡിന്റെ ചാരത്തോ താൽക്കാലിക 'മേക്കപ് റൂം' തയാറാക്കേണ്ടിവരും. സുന്ദരികളും സുന്ദരന്മാരും ഏറെയുള്ള മുന്നണിയാണ്.
കേന്ദ്രൻ പാലമെന്റിലും ഇടതുമുന്നണി ഇവിടെയും ഒരേ സമയം പ്രതിപക്ഷത്തിനു സമയം നിഷേധിക്കുന്ന തിരക്കിലാണ്. ഇവർ തമ്മിൽ ഒരു 'അന്തർധാര'യുണ്ടെന്നു പറഞ്ഞാൽ അത് ശ്രീനിവാസന്റെയോ സത്യൻ അന്തിക്കാടിന്റെയോ സിനിമ ഡയലോഗ് ആണെന്നു കരുതി അവഗണിക്കരുത്. വളരെ ഗുരുതരമായ ഗൂഢാലോചന മറച്ചുവെക്കാനാണ് ഇടയ്ക്കിടെ മരുമകൻ മന്ത്രി ചില 'പൊട്ടാസ് വെടി'കൾ തീർത്തു സഭയെ ചിരിപ്പിക്കുന്നത്. 'പെട്ടി പിടിത്ത'ക്കാരെ പേടിച്ചു പിന്മാറില്ല എന്നു മരുമോൻ പറഞ്ഞത് ഒട്ടും പ്രസക്തമല്ലാത്ത വേളയിലാണല്ലോ.
വികാരനിർഭരമായ ഒരു സിനിമയിലെ സത്യൻ - പ്രേംനസീർ രംഗത്തിൽ ബഹദൂർ പല്ലു കാട്ടി ചിരിച്ചുകൊണ്ടു വരുന്നതു പോലെ, സംഘർഷ ലഘൂകരണത്തിനാണ് റിയാസ് മന്ത്രി പലപ്പോഴും ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ വകുപ്പിൽ പൊതുമരാമത്തിനു പുറമെ 'പെട്ടി പിടിത്ത'വുമുണ്ടാകണം.
അതു കേട്ട് പ്രതിപക്ഷം പൊട്ടിച്ചിരിക്കാത്തത് 'പട്ടി പിടിത്തം' എന്നു ധരിച്ചിട്ടാണോ ആവോ! എന്തായാലും അരിക്കൊമ്പൻ ആനകൾക്ക് കഷ്ടകാലമാണ് ഈ സംസ്ഥാനത്ത് എന്ന കാര്യം മാത്രം ഉറപ്പ്. മനുഷ്യരേക്കാൾ പ്രാധാന്യം അവയ്ക്കാണല്ലോ. പല ജില്ലകളിലും കാട്ടാനകൾ പ്രധാന പാതകൾ കൈയടക്കിത്തുടങ്ങി. സെക്രട്ടറിയേറ്റിലെ 'വെള്ളാന ശല്യം' നിരന്തരം സ്ഥലം മാറ്റങ്ങൾ കൊണ്ടു നിയന്ത്രിച്ചു പോരുന്നുണ്ട്. എങ്കിലും ഭരണ കേന്ദ്രത്തിനു ചുറ്റും കുറച്ചു മതിലുകൾ കൂടി ആകാം; സുരക്ഷിതത്വം നോക്കണം.






