സൗദിയിലെ അസീര്‍ ബസ് അപകടം: ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയില്‍

ബസ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെ മഹായില്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ഖര്‍ഖാഹ് സന്ദര്‍ശിക്കുന്നു.

അബഹ - അസീര്‍ പ്രവിശ്യയില്‍ അബഹയെയും മഹായില്‍ അസീറിനെയും ബന്ധിപ്പിക്കുന്ന ശആര്‍ ചുരം റോഡിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മൃതദേഹങ്ങളെല്ലാം മഹായില്‍ അസീര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ 29 പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അസീര്‍ സെന്‍ട്രല്‍ ആശുപത്രി, മഹായില്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം മഹായില്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ഖര്‍ഖാഹ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു. മഹായില്‍ അസീര്‍ പോലീസ് മേധാവി ബ്രിഗേഡിയര്‍ മുബാറക് അല്‍ബിശ്‌രിയും ഗവര്‍ണറെ അനുഗമിച്ചു. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണങ്ങളും നല്‍കാന്‍ മഹായില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.
മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയും ഗവര്‍ണര്‍ പിന്നീട് സന്ദര്‍ശിച്ച് മയ്യിത്തുകള്‍ തിരിച്ചറിയാന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്ന ഫോറന്‍സിക് മെഡിക്കല്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ക്രിമിനല്‍ എവിഡെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പങ്കാളിത്തത്തോടെ ഫോറന്‍സിക് മെഡിക്കല്‍ സംഘം മരണപ്പെട്ടവരുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.
ബ്രെയ്ക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ ബാരിക്കേഡില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്. സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും സുരക്ഷാ വകുപ്പുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

 

 

 

Latest News