മലപ്പുറത്ത് നിന്നൊരു വിദ്യാഭ്യാസ വിപ്ലവം

സ് ‌ത്രീകളുടെ സാമൂഹിക പിന്നോക്കാവസ്ഥയുടെ പേരിൽ എക്കാലത്തും മുദ്രയടിക്കപ്പെട്ട പ്രദേശമാണ് മലബാർ. മതപരമായ യാഥാസ്ഥികത്വം, ഗൾഫ് കുടിയേറ്റത്തിന്റെ പാർശ്വഫലങ്ങൾ, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നിങ്ങനെ സ്ത്രീകളുടെ സാമൂഹികമായ ഉന്നമനത്തെ നിയന്ത്രിക്കുന്ന ഒട്ടേറെ ഘടകങ്ങളാണ് മുൻകാലങ്ങളിൽ മലബാറിന് നേരെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാൽ ആധുനിക കാലത്ത് സ്ത്രീകളുടെ സാമൂഹികമായ ഇടപെടുലുകൾക്ക് ആക്കം കൂട്ടുന്ന ഒട്ടേറെ മാറ്റങ്ങൾ മലബാറിലും ഉണ്ടായി. 
മതസംഘടനകളുടെ തന്നെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരികയും അവിടങ്ങളിൽ നിന്ന് വിജ്ഞാനം നേടിയ പെൺകുട്ടികൾ പുറത്തിറങ്ങുകയും ചെയ്തു. ഗൾഫ് കുടിയേറ്റത്തെ തുടർന്ന് കുടുംബങ്ങളുടെ ഭരണം സ്ത്രീകളുടെ ഉത്തരവാദിത്തമായതോടെ അവർ കൂടുതൽ കാര്യബോധമുള്ളവരായി മാറി. ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ അറിവിന്റെ പുതിയ ഉയരങ്ങളിലെത്തി. ജനാധിപത്യ സംവിധാനങ്ങളിൽ പങ്കാളിത്തം വർധിച്ചതോടെ സ്ത്രീകൾ ഭരണ രംഗത്തും സജീവമായി. 
ഇതെല്ലാം മലബാറിലെ പുത്തൻ തലമുറയിലെ സ്ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങളാണ്. അവർക്ക് മുമ്പുണ്ടായിരുന്ന ഒരു തലമുറ ഇപ്പോഴും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘട്ടം തരണം ചെയ്യാൻ കഴിയാതെ വീടുകളിൽ കഴിയുന്നുണ്ട്. അമ്പത് വയസ്സ് പ്രായമെത്തിയ സ്ത്രീകളിൽ ഇപ്പോഴും വലിയൊരു ശതമാനം പേർ പത്താം ക്ലാസ് യോഗ്യതയില്ലാത്തവരാണെന്ന കണ്ടെത്തൽ പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിനാണ് തുടക്കമിടുന്നത്. മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷന്റെ നേതൃത്തിൽ ആരംഭിച്ചിട്ടുള്ള യോഗ്യ എന്ന പേരിലുള്ള വിദ്യാഭ്യാസ പദ്ധതി മലപ്പുറം ജില്ല മുന്നോട്ടു വെക്കുന്ന പുതിയൊരു വിപ്ലവ പദ്ധതിയാണ്. ജില്ലയിലെ അമ്പത് വയസ്സിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന യോഗ്യ സാക്ഷരത പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. 
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സാക്ഷരത മിഷന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാകും. വർഷങ്ങൾക്ക് മുമ്പ് സമ്പൂർണ സാക്ഷരത യജ്ഞവും ജനകീയാസൂത്രണവും അക്ഷയ പദ്ധതിയും വിജയിപ്പിച്ച മലപ്പുറം ജില്ലയിൽ നിന്ന് സ്ത്രീശാക്തീകരണ രംഗത്ത് പുതിയ വിപ്ലവമായി യോഗ്യ പദ്ധതി മാറുമെന്നാണ് കണക്കാക്കുന്നത്.
ജില്ലയിൽ കുടുംബശ്രീ നടത്തിയ സർവേ പ്രകാരം 15,000 സ്ത്രീകളാണ് പദ്ധതിക്ക് കീഴിൽ പത്താം ക്ലാസ് യോഗ്യത നേടാനുള്ളത്. മൂന്നു വർഷങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ആദ്യവർഷം നാലായിരം പേരെയാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. രണ്ടായിരം പേർക്ക് പ്ലസ് ടു പരീക്ഷയെഴുതാനുള്ള പരിശീലനവും നൽകും. 
ജില്ലയിലെ പഞ്ചായത്തുകൾ തോറുമുള്ള കുടുംബശ്രീ സി.ഡി.എസുകൾ വഴിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. സി.ഡി.എസ് തലങ്ങളിൽ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്നവർക്കായി സാക്ഷരത മിഷന്റെയും മറ്റു സർക്കാർ ഏജൻസികളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. ക്ലബ്ബുകൾ, ഓക്‌സിലറി ഗ്രൂപ്പുകൾ, വായനശാലകൾ എന്നിവ മുഖേനയും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യുന്നവർ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സാക്ഷരത മിഷന്റെ പരീക്ഷ ഫീസ് കുടുംബശ്രീ ഫണ്ടിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും നൽകും. ഇതിന് പുറമെ സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ സ്‌പോൺസർഷിപ്പിലൂടെയും രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കൂടുതലുള്ള ജില്ലയിലെ തീരദേശ മേഖല, പട്ടിക ജാതി-പട്ടിക വർഗ കോളനികൾ എന്നിവിടങ്ങളിൽ പദ്ധതി കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. 
സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ വർഷങ്ങളായി പത്താം ക്ലാസ് തുല്യത പരീക്ഷ നടന്നു വരുന്നുണ്ട്. ഈ പദ്ധതിയിലൂടെ പഠന രംഗത്തെത്താൻ മടിച്ചു നിൽക്കുന്ന വീട്ടമ്മമാരെ കണ്ടെത്തിയാണ് കുടുംബശ്രീ പരിശീലനം നൽകുന്നത്. ഇതിനായി കുടുംബശ്രീയുടെ അയൽകൂട്ടങ്ങൾ വഴി വീട്ടമ്മമാരെ ബോധവൽക്കരിച്ചും പ്രോൽസാഹനം നൽകിയും പുതിയ പഠന പദ്ധതിക്ക് കീഴിൽ കൊണ്ടുവരികയാണിപ്പോൾ. സാക്ഷരത മിഷന്റെ പരിശീലനത്തിനും പരീക്ഷക്കും പഠിതാക്കൾ പണം നൽകേണ്ടതുണ്ടെന്നത് പലരും പഠനത്തിൽ നിന്ന് മാറിനിൽക്കാൻ കാരണമായിരുന്നു. എന്നാൽ കുടുംബശ്രീയുടെ പദ്ധതിപ്രകാരം പഠിതാക്കൾ പണം നൽകേണ്ടതില്ല. ഓരോ പഠിതാക്കൾക്കും വേണ്ടി സാക്ഷരത മിഷന് നൽകേണ്ട തുക കുടുംബശ്രീ തന്നെ കണ്ടെത്തുകയാണ് ചെയ്യുന്നത്. കുടുംബശ്രീയുടെ ഫണ്ടിന് പുറമെ ജില്ല പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിക്കുന്ന ഫണ്ടും ഇതിനായി വിനിയോഗിക്കുന്നു. സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവ മുഖേനയുള്ള സ്‌പോൺസർഷിപ്പുകളും ഇതിനായി വിനിയോഗിക്കുന്നുണ്ട്. പുതിയ പദ്ധതിയിൽ പഠിതാക്കളെ സ്‌പോൺസർ ചെയ്യാൻ ഒട്ടേറെ ഏജൻസികളാണ് മുന്നോട്ടു വരുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്ന ജോലിക്ക് വരെ പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായി മാറിയ ഇക്കാലത്ത്, ഡിജിറ്റൽ സാങ്കേതിക വിദ്യ വികസിച്ച് നിത്യജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും അറിവ് അത്യാവശ്യമായ പുതിയ കാലത്ത് പത്താം ക്ലാസ് യോഗ്യതയില്ലാത്ത സ്ത്രീകളുടെ എണ്ണം കുറച്ചു കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്. സാഹചര്യങ്ങളുടെ സമ്മർദങ്ങൾ മൂലം സ്‌കൂളിൽ ഇടക്കുവെച്ച് പഠനം നിർത്തേണ്ടി വന്ന ഒരു തലമുറയിലെ സ്ത്രീകൾക്ക് വൈകിയ വേളയിലെങ്കിലും പത്താം തരം പാസാകാനുള്ള അവസരമാണ് കുടുംബശ്രീയുടെ യോഗ്യ പദ്ധതിയിലൂടെ തുറന്നു വന്നിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താൻ സ്ത്രീകൾക്ക് കഴിയേണ്ടതുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് തുടക്കമിടുന്ന ഈ വിദ്യാഭ്യാസ വിപ്ലവത്തിന്റെ വെളിച്ചം കേരളമൊട്ടാകെ പരക്കേണ്ടതുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ ഈ പദ്ധതി കേരളമൊട്ടാകെ വ്യാപിക്കണം.
 

Latest News