ന്യൂദൽഹി- നികുതിദായകന്റെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ വർഷം ജൂൺ 30 വരെയാണ് തിയതി നീട്ടിയത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കുന്നതായും സി.ബി.ഡി.ടി അറിയിച്ചു. ഒരു നികുതിദായകൻ രണ്ട് രേഖകളും ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും ബന്ധപ്പെട്ടവർ ആവർത്തിച്ചു.
ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ജൂലൈ 1 മുതൽ നികുതിദായകൻ നേരിടേണ്ടിവരുന്ന ശിക്ഷാ നടപടിയെക്കുറിച്ചും സി.ബി.ഡി.ടി വ്യക്തമാക്കി. ഇതിൽ ഉൾപ്പെടുന്നവ:
അത്തരം പാൻ കാർഡുകൾക്ക് നികുതി റീഫണ്ട് അനുവദിക്കില്ല
റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം നികുതിദായകൻ രണ്ട് രേഖകളും ലിങ്ക് ചെയ്താൽ, രണ്ട് രേഖകളും ബന്ധിപ്പിക്കാത്ത കാലയളവിൽ ആദായനികുതി വകുപ്പ് റീഫണ്ടിന് പലിശ നൽകില്ല.
അത്തരം സന്ദർഭങ്ങളിൽ സ്രോതസ്സിൽ നിന്ന് കിഴിച്ചുള്ള നികുതിയും (ടി.ഡി.എസ്) ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതിയും (ടി.സി.എസ്) കുറയ്ക്കുകയോ പിരിച്ചെടുക്കുകയോ ചെയ്യും. പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് വൈകിയാൽ നികുതിദായകന് 1000 രൂപ പിഴയടച്ച് 30 ദിവസത്തിനുള്ളിൽ പാൻ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാം.