Sorry, you need to enable JavaScript to visit this website.

ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി  എന്നും  ഉപയോഗിക്കുന്നത് എം.ഡി.എം.എ

കോഴിക്കോട്- കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തല്‍. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ പറഞ്ഞു.
ഒരുവര്‍ഷത്തിലേറെയായി എട്ടാം ക്ലാസുകാരി എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ട്. താന്‍ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ട്. പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം ലഹരി നല്‍കിയതെന്ന് കോഴിക്കോട് ചൂലൂര്‍ സ്വദേശിയായ കുട്ടി വെളിപ്പെടുത്തുന്നു. സ്‌കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ട്. കണ്ടാലറിയുന്ന പുറത്ത് നിന്നുള്ളവരാണ് സ്‌കൂള്‍ കവാടത്തില്‍ ലഹരിയെത്തിക്കുന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. രക്തസാമ്പിള്‍ ഉള്‍പ്പെടെ രാസപരിശോധനയ്ക്കായി ശേഖരിച്ചുവെന്നും എസിപി കെ. സുദര്‍ശന്‍ വ്യക്തമാക്കി.
ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സീനിയറായ കുട്ടിയാണ് ലഹരി നല്‍കിയതെന്നും പിന്നീട് പുറത്തു നിന്നും വാങ്ങാനാരംഭിച്ചുവെന്നും പെണ്‍കുട്ടി നേരത്തേ പറഞ്ഞിരുന്നു.

Latest News