Sorry, you need to enable JavaScript to visit this website.

പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ സ്ഥലംമാറ്റത്തിന് നീക്കം

തിരുവനന്തപുരം- ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കെന്ന പോലെ ഒന്നു മുതല്‍ പത്തുവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയാറാക്കി.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നിവയില്‍ ജില്ലാതല പി.എസ്.സി. പട്ടികയില്‍നിന്നാണ് നിയമനം. അതിനാല്‍, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയവും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം.
അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചക്ക് ശേഷമേ നയം നടപ്പാക്കൂ. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ തീരുമാനവും വേണ്ടിവരും.
അധ്യാപകര്‍ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കഴിവുറ്റ അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാനും സ്ഥലംമാറ്റ പരിഷ്‌കാരം സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. മന്ത്രി വി. ശിവന്‍കുട്ടിക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് അറിയുന്നു.

 

Latest News