വ്യാജ രേഖ ചമച്ച് പോലീസിന് ഭൂമി വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റില്‍

അമേത്തി- വ്യാജരേഖകളുണ്ടാക്കി പോലീസിന് ഭൂമി വില്‍പന നടത്തിയ ബി.ജെ.പി നേതാവ് ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ അറസ്റ്റില്‍. നേരത്തെ തന്നെ ബാങ്കില്‍നിന്ന് 78 ലക്ഷം രൂപ വായ്പയെടുത്ത ഭൂമിയാണ് വ്യാജരേഖ ചമച്ച് രണ്ട് കോടി രൂപയ്ക്ക് പോലീസ് ലൈന്‍ നിര്‍മാണത്തിനായി വിറ്റത്.ബിജെപി നേതാവ് ഓം പ്രകാശ് എന്ന പ്രകാശ് മിശ്രയെയാണ് വ്യാജരേഖ ചമച്ചതിന് അറസ്റ്റ് ചെയ്തതെന്ന്  പോലീസ് സൂപ്രണ്ട് എളമരന്‍ ജി പറഞ്ഞു.
പ്രതി തന്റെ ഭൂമി പണയപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്ന് എസ്പി പറഞ്ഞു. എന്നാല്‍, വ്യാജരേഖ ചമച്ച് പോലീസ് ലൈനുകള്‍ നിര്‍മിക്കുന്നതിനായി ഇയാള്‍ സ്ഥലം വിറ്റു. അമേത്തിയിലെ ഗൗരിഗഞ്ചിലെ സദര്‍ തഹസിലിനു കീഴിലുള്ള ചൗഹാന്‍പൂര്‍ ഗ്രാമത്തിലാണ് വിവാദ ഭൂമി.
ഇടപാട് ഉറപ്പിച്ച  ശേഷം ബിജെപി നേതാവ് അമേത്തി പോലീസില്‍ നിന്ന് 1.97 കോടി രൂപ കൈപ്പറ്റി.
വായ്പയോ കുടിശ്ശികയോ ഉണ്ടോ എന്നതിനെക്കുറിച്ച് രജിസ്‌ട്രേഷന്‍ സമയത്ത് പ്രകാശ് മിശ്ര ഒരു വിവരവും നല്‍കിയിരുന്നില്ല.
ജനുവരിയില്‍, അലഹബാദിലെ  ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലെ റിക്കവറി ഓഫീസര്‍ ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്.
അമേത്തി പോലീസ് ലൈനിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രകാശ് മിശ്രയ്‌ക്കെതിരെ കേസെടുത്തത്. മിശ്ര പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ബിജെപി അമേത്തി ജില്ലാ പ്രസിഡന്റ് ദുര്‍ഗേഷ് ത്രിപാഠി പറഞ്ഞു.നിയമം അതിന്റെ വഴിക്ക് പോകുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മിശ്രയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News