താന്‍ ലഹരിക്കടിമയാണെന്ന് ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട് - താന്‍ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം ചൂലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി വിഷദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴി എടുത്തപ്പോഴാണ് താന്‍ ഒരു വര്‍ഷത്തോളമായി എം ഡി എം എ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞത്.  ആദ്യം സീനിയര്‍ വിദ്യര്‍ത്ഥിനിയാണ് മയക്കു മരുന്ന് നല്‍കിയത്. പിന്നീട് പുറത്തു നിന്നുള്ളവര്‍ സ്‌കൂള്‍ കവാടത്തിലെത്തി മയക്കു മരുന്ന് നല്‍കുകയാണ് പതിവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. മയക്കുമരുന്ന് നല്‍കുന്നവരുടെ പേര് അറിയില്ലെങ്കിലും ആളുകളെ കണ്ടാല്‍ തനിക്കറിയാമെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സ്‌കൂളിലെ മറ്റ് പല കുട്ടികളും ലഹരി ഉപയോഗിക്കുന്ന കാര്യവും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അമിതമായി മയക്കു മരുന്ന് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഡിപ്രഷന്‍ മൂലമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Latest News