തെല്‍അവീവ്- വിവാദമായ ജുഡീഷ്യല്‍ അധികാരം പരിമിതപ്പെടുത്താനുള്ള നിയമനിര്‍മാണം ഇസ്രായേല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രി നെതന്യാഹുവിന് തീരുമാനമെടുക്കേണ്ടി വന്നത്. ഒരു മാസത്തിന് ശേഷം പാര്‍ലമെന്റ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. തെല്‍ അവീവിലെ തെരുവുകള്‍ മുതല്‍ നെസെറ്റിന്റെ ഹാളുകള്‍ വരെ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ അധികാര പരിധി കുറക്കാനുള്ള ബില്ലിനെ ചൊല്ലി കലാപത്തിനുള്ള വഴി തുറന്നിരുന്നു.
ഏപ്രില്‍ അവസാനം ഇസ്രായേല്‍ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോള്‍ വിവാദ ജുഡീഷ്യല്‍ അധികാരം പരിമിതപ്പടുത്താനുള്ള നിയമവുമായി മുന്നോട്ട് പോകുമെന്ന് നെതന്യാഹു വ്യക്തമാക്കി. ആ സമയത്ത് ഒരു വിട്ടുവീഴ്ചയിലേക്ക് എത്തിയില്ലെങ്കില്‍ സംഘര്‍ഷം വീണ്ടും ഉയര്‍ന്നുവരുകയോ അല്ലെങ്കില്‍ രൂക്ഷമാകുകയോ ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിയമനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ ഞായറാഴ്ച നെതന്യാഹു പുറത്താക്കിയതിനെത്തുടര്‍ന്നാണ് ഇസ്രായേലില്‍ പ്രതിഷേധം ശക്തമായത്. ജറുസലേമിലെ നെതന്യാഹുവിന്റെ വീടിന് പുറത്ത് പ്രകടനക്കാര്‍ ഒത്തുകൂടുകയും ടെല്‍ അവീവിലെ പ്രധാന ഹൈവേയില്‍ തീയിടുകയും ചെയ്തു.