കോഴിക്കോട്- മലയാള സിനിമയിൽ ചിരിക്ക് മികവാർന്ന ഭാഷ രചിച്ച അതുല്യനടൻ ഇന്നസെന്റ് മരിച്ചത് ഇന്നലെയാണ്. ഇന്നസെന്റിന്റെ മരണവേളയിൽ രാജസ്ഥാനിലായിരുന്നു സൂപ്പർ സ്റ്റാർ മോഹൻലാൽ. ഈ സമയത്ത ലാൽ അനുഭവിച്ച ആത്മസംഘർഷം വിവരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷിന്റെ വാക്കുകൾ:
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്. ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്. ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം. കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു. 'ഇന്നസെന്റേട്ടൻ പോയി. വാർത്ത ഇപ്പോൾ പുറത്തുവരും. ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് '.സിനിമയെന്ന സ്വപ്നത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല, ഒരു മനുഷ്യന്റെ മഹാവേദന. ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു. പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്. ഇന്നസെന്റ് സാർ. ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്. പകരം വെക്കാനില്ലാത്തതാണ്.
അതേസമയം, ചിരിയുടെ പുതിയ ഭാഷ സൃഷ്ടിച്ച മഹാനടന് ജന്മനാട് വികാരഭരിതമായ യാത്രാമൊഴി നൽകി. ജന്മനാടായ ഇരിങ്ങാലക്കുടയിലും, അദ്ദേഹത്തിന്റെ പ്രധാന കർമമണ്ഡലമായിരുന്ന കൊച്ചിയിലും ഭൗതികശരീരം പൊതുദർശനത്തിനുവെച്ചപ്പോൾ സിനിമാ, രാഷ്ട്രീയ, കലാ, സാംസ്‌കാരിക മേഖലകളിൽനിന്നടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് അവസാനമായി ഒരു നോക്കുകാണാനെത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തന്നെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പ്രിയപ്പെട്ട നടനെ ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രണ്ട് മണിയോടെയാണ് ഭൗതിക ശരീരം ടൗൺ ഹാളിൽ എത്തിച്ചത്. മന്ത്രി ഡോ. ആർ. ബിന്ദു, സനീഷ് കുമാർ എം.എൽ.എ, നടൻമാരായ ദിലീപ്, ജോജു ജോർജ്, സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മൂന്നരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യയോടൊപ്പം എത്തി അന്തിമോപചാരം അർപ്പിച്ചു.
മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാധാകൃഷ്ണൻ, എം.എൽ.എ മാരായ ഇ.ടി. ടൈസൻ, കെ.കെ. രാമചന്ദ്രൻ, മുൻ മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, പി.കെ. ശ്രീമതി, വി.എസ്. സുനിൽ കുമാർ, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഡേവിസ്, ജില്ലാ കലക്ടർ കൃഷ്ണ തേജ, രാഷ്ട്രീയ നേതാക്കളായ എ. വിജയരാഘവൻ, ജോണി നെല്ലൂർ, സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ സച്ചിദാനന്ദൻ, എഴുത്തുകാരൻ അശോകൻ ചെരുവിൽ, ജയരാജ് വാര്യർ, രാവുണ്ണി, ചലച്ചിത്ര മേഖലയിൽ നിന്ന് മോഹൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, ബിജു മേനോൻ, ടൊവിനോ തോമസ്, രചന നാരായണൻകുട്ടി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.
ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും കുടുംബാംഗങ്ങളും ഭൗതികശരീരത്തിന് അടുത്തുണ്ടായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും വളണ്ടിയർമാരും ഏറെ ബുദ്ധിമുട്ടി. ഒരു ഘട്ടത്തിൽ പൊതുദർശനത്തിനായുള്ള വരി ബസ് സ്റ്റാന്റ് വരെ നീണ്ടു. അഞ്ച് മണിയോടെ ഭൗതിക ശരീരം ഇന്നസെന്റിന്റെ വസതിയായ പാർപ്പിടത്തിലേക്ക് കൊണ്ടുപോകുമ്പോഴും ആളുകൾ ടൗൺ ഹാളിലേക്ക് എത്തിക്കൊണ്ടിരുന്നു.
ഇരിങ്ങാലക്കുട കഴിഞ്ഞാൽ അദ്ദേഹം സ്വന്തം നാടു പോലെ കണ്ട, അദ്ദേഹത്തിന്റെ കരിയറിൽ വലിയ ഉയർച്ചകൾ സമ്മാനിച്ച കൊച്ചി നഗരം വിങ്ങലോടെയാണ് ഇന്നസെന്റിന് അന്ത്യയാത്രാമൊഴി നൽകിയത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു കൊണ്ടുവന്നപ്പോൾ മുതൽ ഉച്ചക്ക് 12 മണിയോടെ അവിടെനിന്ന് ഇരിങ്ങാലക്കുടയിലേക്ക് പ്രത്യേകം അലങ്കരിച്ച ബസിൽ യാത്രയാക്കുന്നതു വരെ ഇന്നസെന്റിനെ ഒരുനോക്കുകാണാൻ ജനപ്രവാഹമായിരുന്നു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം തീരുമാനിച്ചതെങ്കിലും തിരക്ക് ഒഴിയാത്തതിനാൽ അത് 12 വരെ നീട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, വീണാ ജോർജ്, ആർ. ബിന്ദു, കെ. രാജൻ, പി. പ്രസാദ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സിനിമാ രംഗത്തെ പ്രമുഖരടക്കമുള്ള ഒട്ടെല്ലാ കലാകാരൻമാരും അണിയറ പ്രവർത്തകരും നിർമാതാക്കളും വിതരണക്കാരും തിയേറ്ററുടമകളും ജീവനക്കാരും മുതൽ ഇന്നസെന്റിന്റെ ആരാധകർ വരെ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. അദ്ദേഹത്തെ നേരിട്ടറിയാത്ത പലരും ഇന്നസെന്റിന്റെ അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച അവിസ്മരണീയമായ ഒർമകളിൽ വിതുമ്പിയാണ് പുറത്തേക്കിറങ്ങിയത്. പ്രത്യേകം അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിലേക്ക് മൃതദേഹം കയറ്റുമ്പോൾ സ്റ്റേഡിയം പരിസരം ജനത്തിരക്കിൽ വീർപ്പുമുട്ടി. നാളെ(ചൊവ്വ) രാവിലെ പത്തിന് ഇരിങ്ങലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.