അധ്യാപികയുടെ കൊലപാതകം: അറസ്റ്റിലായ ഭര്‍ത്താവുമായി തെളിവെടുത്തു

അനിമോള്‍ വധക്കേസില്‍ ഭര്‍ത്താവ് വിജേഷുമായി തെളിവെടുക്കുന്നു

ഇടുക്കി- കാഞ്ചിയാറ്റില്‍ യുവ അധ്യാപിക പി ജെ വത്സമ്മ (അനിമോള്‍-27)യെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് വട്ടമുകളേല്‍ ബിജേഷിനെ (പക്കു) സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കുമളി വനമേഖലയില്‍ നിന്ന് പോലീസ് വിജേഷിനെ ഞായറാഴ്ച ഉച്ചക്കാണ്  അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് പ്രതിയെ വീട്ടില്‍ കൊണ്ടുവന്നത്.   
കൊലപാതകം  നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാള്‍ അടക്കമുള്ള സാധനങ്ങള്‍ കത്തിച്ച സ്ഥലവും അവശിഷ്ടങ്ങളും ബിജേഷ് പോലീസിന് കാണിച്ചു കൊടുത്തു. സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചു. കൊലപാതകത്തിനു ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പോലീസിനോട് സൂചിപ്പിച്ചു. വിജേഷിനെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും അടക്കം വലിയൊരു ജനക്കുട്ടം സംഭവ സ്ഥലത്തെത്തിയിരുന്നു. നഴ്സറി സ്‌കൂളില്‍ നിന്ന് വെള്ളിയാഴ്ച  വീട്ടിലെത്തിയ അനിമോളും ഭര്‍ത്താവും തമ്മില്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപെട്ടു ഏറെ നേരം തര്‍ക്കം നടന്നു. വിജേഷിന്റെ പീഡനത്തിനെതിരെ അനിമോള്‍  കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയത് ഇയാളെ  പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് അനിമോളെ  അപായപ്പെടുത്താനുള്ള തീരുമാനത്തിലായിരുന്നു വിജേഷ്.
സംഭവ ദിവസം നന്നായി മദ്യപിച്ചിരുന്ന വിജേഷ് വാക്കു തര്‍ക്കത്തിനിടെ  പെട്ടെന്ന് പ്രകോപിതനായി  മുറിയില്‍ കസേരയില്‍ ഇരുന്നിരുന്ന അനിമോളുടെ പിന്നിലൂടെ എത്തി ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞു കട്ടിലിനടിയില്‍ ഒളിപ്പിച്ചു. കൊലപാതകത്തിനു ശേഷം യാതൊരു ഭാവ വ്യത്യാസവും പ്രകടിപ്പിക്കാതെ വീട് പൂട്ടി പുറത്തു പോയ  വിജേഷ് അനിമോളുടെ സ്വര്‍ണാഭരണങ്ങള്‍ ലബ്ബക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 16000 രൂപക്ക് പണയം വെച്ചു.  ഈ സ്ഥാപനത്തില്‍ ഇന്നലെ  വിജേഷിനെ  എത്തിച്ചു സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News