കണ്ണൂർ - രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള കോടതി വിധിയിലും ഭരണകൂട ഭീകരതക്കെതിരെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ്് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നേതാക്കൾ ഉൾപ്പെടെ 25 ഓളം പേരെ അറസ്റ്റു ചെയ്തു.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടക്കുകയായിരുന്നു. തുടർന്ന് ജലപീരങ്കി ഉപയോഗിക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെ നിരവധി നേതാക്കൻമാർക്കും പത്തോളം പ്രവർത്തകർക്കും പരിക്കേറ്റു.
വനിത പ്രവർത്തകരേയും യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെയും തല്ലിച്ചതച്ച് അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടയിൽ ചെറിയ രീതിയിൽ അക്രമവും നടന്നു. പഴയ ബസ് സ്റ്റാൻഡിന്ന് സമീപം റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ചു. ഫയർ ഫോഴ്‌സ് എത്തി തീ അണക്കുകയും ചെയ്തു.
കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് നേതാക്കൾ അടക്കം 25 പേരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ്, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ രാഗേഷ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ തുടങ്ങിയവരാണ് അറസ്റ്റിലായത്
അക്രമത്തിൽ ഷമൽ, അനേഘ്, അജിൽ എന്നീ പോലീസുകാർക്കും, പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. സ്‌റ്റേഷനിൽ എത്തിച്ച നേതാക്കൾ തങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും പോലീസ് ആദ്യം വഴങ്ങിയില്ല. തുടർന്ന് വാക്തർക്കം നടന്നു. എം.എൽ.എ സജീവ് ജോസഫ് ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു.






