Sorry, you need to enable JavaScript to visit this website.

കണ്ണൂർ ആസ്റ്റർ മിംസിൽ പാർക്കിൻസൺസിന് ഡി.ബി.എസ് ചികിത്സ

ഉത്തര മലബാറിൽ ആദ്യമായി പാർക്കിൻസൺസിന് ഡി.ബി.എസ് ചികിത്സ കണ്ണൂർ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. ഫലപ്രദമായി നിയന്ത്രിച്ച് നിർത്താൻ സാധിക്കില്ല എന്ന് നാളിതുവരെ കരുതിയ രോഗാവസ്ഥയായിരുന്നു പാർക്കിൻസൺസ് രോഗം. ചെറിയ രീതിയിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ദൈനംദിന ജീവിതത്തെ ദുരിതപൂർണമാക്കുന്ന രീതിയിൽ വിറയൽ വർധിച്ച്, ദുസ്സഹമായ ജീവിതം നയിക്കേണ്ടി വരുന്നതായിരുന്നു ഈ രോഗാവസ്ഥയുടെ നാളിതുവരെയുള്ള പൊതുചിത്രം. ഈ രീതിക്ക് മാറ്റമേകിയാണ് ഡി.ബി.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഡീപ് ബ്രെയിൻ സ്റ്റുമുലേഷൻ എന്ന നൂതന ചികിത്സ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ മികച്ച രീതിയിൽ ഡി.ബി.എസ് നിർവഹിക്കാനുള്ള സംവിധാനം ഉത്തര മലബാറിൽ ഇതുവരെ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരമായിക്കൊണ്ടാണ് കണ്ണൂർ ആസ്റ്റർ മിംസിൽ ഡി.ബി.എസ് ആരംഭിച്ചത്. 
ഇടവരമ്പ് സ്വദേശിനിയായ 55 വയസ്സുകാരിയിലാണ് ഡി.ബി.എസ് ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്. തലച്ചോറിനകത്തെ ചില ഭാഗങ്ങളിലെ നാഡീകോശങ്ങൾക്ക് സംഭവിക്കുന്ന തകരാറുകളാണ് പാർക്കിൻസൺസ് രോഗത്തിലേക്ക് നയിക്കുന്നത്. തകരാർ സംഭവിച്ച നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് കഴിഞ്ഞാൽ അവയുടെ ധർമം പുനഃസ്ഥാപിക്കാൻ സാധിക്കും എന്ന യാഥാർത്ഥ്യത്തിൽ കേന്ദ്രീകരിച്ചാണ് ഡി ബി എസ് പ്രവർത്തികുന്നത്. തലച്ചോറിനകത്ത് രോഗബാധിതമായ പ്രദേശത്തേക്ക്  ഒരു ഇലക്ട്രോഡിനെ ശസ്ത്രക്രിയയിലൂടെ സന്നിവേശിപ്പിക്കുകയും രോഗബാധിതമായ മേഖലയെ ഇത് വഴി ഉത്തേജിപ്പിക്കുകയും അതിലൂടെ രോഗത്തെ നിയന്ത്രണ വിധേയമാക്കുകയോ രോഗലക്ഷണങ്ങളെ പരിമിതപ്പെടുത്തി ദൈനംദിന ജീവിതത്തെ ആയാസരഹിതമാക്കുകയോ ചെയ്യുന്നു. ഈ ഇലക്ട്രോഡിനെ ഒരു വയർ വഴി നെഞ്ചിൽ സ്ഥാപിച്ചിരിക്കുന്ന പൾസ് ജനറേറ്റർ എന്ന ചെറിയ ഉപകരണവുമായി ബന്ധിക്കും. ശസ്ത്രക്രിയ വഴിയാണ് ഇത് സ്ഥാപിക്കുന്നത്. തുടർന്ന് ഉപകരണം ആക്ടിവേറ്റ് ചെയ്യും. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇലക്ട്രിക്കൽ പൾസുകൾ തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളിലേക്ക് തുടർച്ചയായി നിശ്ചിത അളവിൽ എത്തിച്ചേരുകയും അത് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിലൂടെ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയും രോഗലക്ഷണങ്ങൾ നിയന്ത്രണ വിധേയമാവുകയും ചെയ്യും.
ന്യൂറോളജി, ന്യൂറോ സർജറി, അനസ്തീഷ്യയോളജി, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോക്ടർമാരായ സൗമ്യ സി.വി, ശ്രീജിത്ത് പിടിയേക്കൽ, നിബു വർഗീസ്, ചന്ദു, രമേഷ് സി.വി, മഹേഷ് ഭട്ട്, ഷമീജ് മുഹമ്മദ്, സുപ്രിയ കുമാരി എം.സി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Latest News