നെടുമ്പാശ്ശേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ അന്വേഷണം തുടങ്ങി

കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഡി. ജി. സി. എയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് അന്വേഷണം തുടങ്ങി. കോസ്റ്റ്ഗാര്‍ഡിന്റെ എ. എല്‍. എച്ച് ധ്രുവ് മാര്‍ക്ക് 3 ഹെലികോപ്ടര്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.15ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശീലന പറക്കലിനായി പറന്നുയരുന്നതിനിടെ തകര്‍ന്നുവീണത്. 

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിരുന്നു. ഹെലികോപ്റ്റര്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയതിന് ശേഷം സുരക്ഷാ പരിശോധന നടത്തിയതിനു പിന്നാലെ മാത്രമാണ് റണ്‍വേ തുറന്നത്. അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.  കൊച്ചിയിലിറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. അപകടത്തിന് രണ്ടു മണിക്കൂറിന് ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായത്. 

അപകട സമയത്ത് മൂന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഹെലികോപ്റ്റര്‍ പറത്തിയത് തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റും മലയാളിയുമായ വിപിനായിരുന്നു. ഹെലികോപ്റ്ററില്‍ കമാണ്ടന്റ് സി. ഇ. ഒ. കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഉണ്ടായിരുന്നത്. സുനില്‍ ലോട്ലക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 

നേരത്തെ മുംബൈ തീരത്ത് അപകടത്തില്‍പ്പെട്ടിരുന്ന ഇതേ ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശീലന പറത്തല്‍ നടത്താനൊരുങ്ങവെയാണ് വീണ്ടും അപകടമുണ്ടായത്.

Latest News