സൗദികള്‍ ഭയക്കില്ല; എണ്ണ കേന്ദ്രങ്ങള്‍ ആക്രമിച്ചത് രാജ്യം പ്രയോജനപ്പെടുത്തി - മന്ത്രി

റിയാദ് - കിഴക്കന്‍ പ്രവിശ്യയിലെ ബഖീഖിലും ഖുറൈസിലും പ്രവര്‍ത്തിക്കുന്ന സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ 2019 ലുണ്ടായ ആക്രമണങ്ങള്‍ സൗദി അറേബ്യ പ്രയോജനപ്പെടുത്തുകയും ഇതിനെ രാജ്യാന്തര തലത്തില്‍ സൗദി അറേബ്യയുടെ മൂല്യം വര്‍ധിപ്പിക്കുന്ന സംഭവമാക്കി മാറ്റുകയും ചെയ്തതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ആക്രമണമുണ്ടായ കറുത്ത ദിവസം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. സംഭവ ദിവസം പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതിനു മുമ്പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ആക്രമണത്തെ കുറിച്ച ലഘുചിത്രം കിരീടാകാശിക്ക് തങ്ങള്‍ നല്‍കി. ഇത്തരം സംഭവങ്ങള്‍ ആര്‍ത്തിക്കാതെ നോക്കുന്നതും പ്രദേശം സുരക്ഷിതമാക്കി മാറ്റുന്നതും ഉറപ്പുവരുത്തുന്നതു വരെ സംഭവത്തെ കുറിച്ച് പരസ്യപ്പെടുത്താന്‍ രണ്ടോ മൂന്നോ ദിവസം കാത്തിരിക്കണമെന്ന് ചില വിദഗ്ധര്‍ നിര്‍ദേശിക്കുന്നതായി താന്‍ കിരീടാവകാശിയോട് പറഞ്ഞു. മറ്റു തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കു നേരെയും സമാനമായ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യതയും ഇതിന് കാരണമായി സൂചിപ്പിച്ചു.
സംഭവത്തെ കുറിച്ച് താമസംവിനാ പ്രഖ്യാപിക്കണമെന്ന മറ്റൊരു അഭിപ്രായവും ഉയര്‍ന്നുവന്നു. ഇങ്ങിനെ ചെയ്യുന്നത് സൗദി അറേബ്യയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുമെന്നും, ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള ഒരു അവസരമായി ആക്രമണത്തെ ഉപയോഗപ്പെടുത്തണമെന്നും എത്രരൂക്ഷമായ ആക്രമണത്തിനാണ് വിധേയമായതെങ്കിലും പഴയപടി എണ്ണയുല്‍പാദന ശേഷി വീണ്ടെടുക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുമെന്ന സന്ദേശം ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കണമെന്നുമുള്ള അഭിപ്രായമായിരുന്നു ഇത്.
ആക്രമണം എണ്ണ വിപണിയെ ഏതു രീതിയില്‍ ബാധിക്കുമെന്ന് കിരീടാവകാശി ആരാഞ്ഞു. എണ്ണ വിതരണം കുറയുമെന്നും എന്നാല്‍ സൗദി അറേബ്യയുടെ വിശ്വാസ്യത വര്‍ധിക്കുമെന്നും ഇതിന് താന്‍ മറുപടി നല്‍കി. എങ്കില്‍ ആക്രമണത്തെ കുറിച്ച് ഉടനടി പ്രഖ്യാപിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ കിരീടാവകാശി നിര്‍ദേശിച്ചു. ഈ സമയത്താണ് സുബ്ഹി ബാങ്ക് മുഴങ്ങിയത്. ബാങ്ക് കേട്ട് താന്‍ വിജയിയുടെ വികാരത്തോടെ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഉച്ചത്തില്‍ പറഞ്ഞു. ഒരു രാജ്യവും ഒരു രാഷ്ട്രവും ഒരു ജനതയും ഭരണാധികാരികളും എന്ന നിലയില്‍ നമ്മള്‍ തകര്‍ന്നിട്ടില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങളിലെ റിപ്പയര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതില്‍ കിരീടാവകാശിക്ക് അഭിമാനം തോന്നിയതായും ഊര്‍ജ മന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ആക്രമണങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ എണ്ണയുല്‍പാദന ശേഷി പൂര്‍ണ തോതില്‍ വീണ്ടെടുക്കാന്‍ ആറു മാസമോ ഒരു വര്‍ഷമോ എടുത്തേക്കുമെന്ന് ശക്തമായ ഊഹാപോഹങ്ങളുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ സംഭവത്തെ കുറിച്ച് ലോകമാധ്യമങ്ങളെ അറിയിക്കേണ്ടത് പ്രധാനമായിരുന്നെന്നും സൗദി അറാംകൊ ചെയര്‍മാനും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു. വിശ്വസനീയമായ ഊര്‍ജ സ്രോതസ്സ് എന്നോണം ആഗോള തലത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം സംരക്ഷിക്കല്‍ കിരീടാവകാശിയെ സംബന്ധിച്ചേടത്തോളം പ്രധാനമായിരുന്നു. ആക്രമണത്തില്‍ സംഭവിച്ച തകരാറുകള്‍ മൂന്നാഴ്ചക്കകം റിപ്പയര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പാക്കിയ ശേഷം ഇക്കാര്യവും, സൗദി അറേബ്യക്കത്തും വിദേശത്തും വലിയ തോതിലുള്ള എണ്ണ കരുതല്‍ ശേഖരങ്ങളുള്ളതിനാല്‍ റിപ്പയര്‍ ജോലികള്‍ നടക്കുന്ന കാലത്ത് ഒരു ഉപയോക്താവിനുമുള്ള എണ്ണ വിതരണം തടസ്സപ്പെടില്ലെന്നും ലോകമാധ്യമങ്ങളെ അറിയിക്കാന്‍ കിരീടാവകാശി സമ്മതിക്കുകയായിരുന്നു.
2019 സെപ്റ്റംബര്‍ 14 ന് പുലര്‍ച്ചെ മൂന്നരക്ക് ആണ് ബഖീഖിലെയും ഖുറൈസിലെയും എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായത്. ആക്രമണം സൗദി അറേബ്യയുടെ എണ്ണയുല്‍പാദന ശേഷി പകുതിയായി കുറച്ചു. രാത്രി ഒമ്പതും പത്തും മണി ആകുമ്പോഴേക്കും സൗദി അറാംകൊയിലെ ഭൂരിഭാഗം ജീവനക്കാരും കിടന്നുറങ്ങും. പുലര്‍ച്ചെ അഞ്ചു മണിക്കാണ് ഇവര്‍ ഉറക്കമുണരുക. രാത്രിയില്‍ ഫോണ്‍ കോള്‍ ലഭിക്കുന്ന പക്ഷം ഭയങ്കരമായ എന്തോ സംഭവം നടന്നു എന്നാണ് അര്‍ഥം.
ശനിയാഴ്ച വാരാന്ത്യ അവധി ദിവസമായിരുന്നു. അന്ന് പുലര്‍ച്ചെ 3.45 ന് തനിക്ക് കമ്പനിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. എന്തോ മാരക സംഭവം നടന്നിട്ടുണ്ടെന്ന് തനിക്ക് അപ്പോള്‍ തന്നെ തോന്നി. ഖുറൈസ്, ബഖീഖ് എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണങ്ങളുണ്ടായതായി താന്‍ അറിഞ്ഞു. ഉടന്‍ തന്നെ അവിടെ ഓടിയെത്തിയ തനിക്ക് പ്രദേശമാകാതെ ഇരുട്ടുമൂടിയ നിലയിലാണ് കാണാനായത്. കാര്യങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്ത താന്‍ ദഹ്‌റാനില്‍ സൗദി അറാംകൊ കണ്‍ട്രോള്‍ മാനേജ്‌മെന്റ് സെന്ററിലേക്ക് പോയി. എണ്ണ വ്യവസായ കേന്ദ്രങ്ങളില്‍ പലഭാഗത്തായി തീ പടര്‍ന്നുപിടിച്ചത് കാണാമായിരുന്നു. പതിമൂന്നിലേറെ ഇടങ്ങളില്‍ തീ ആളിപ്പടര്‍ന്നിരുന്നു. ആര്‍ക്കും പരിക്കുകളും ജീവഹാനിയും സംഭവിക്കരുതേ എന്നായിരുന്നു മനസ്സിലെ ചിന്തകള്‍. കണ്‍ട്രോള്‍ മാനേജ്‌മെന്റ് സെന്ററിലെത്തിയ ഉടന്‍ താന്‍ ആരാഞ്ഞത് ആര്‍ക്കെങ്കിലും ആളപായമുണ്ടായോ എന്നായിരുന്നു. ആക്രമണത്തില്‍ സംഭവിക്കുന്ന ഏതു കേടുപാടുകളും തീര്‍ക്കാന്‍ സൗദി അറാംകൊക്ക് സാധിക്കും. എന്നാല്‍ കമ്പനിയിലെ വിദഗ്ധ ജീവനക്കാരുടെ വിടവ് നികത്തുക ദുഷ്‌കരമാണ്.
25 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണങ്ങളുണ്ടായത്. ഏഴു മണിക്കൂറിനകം തീയണക്കാനും നിയന്ത്രണ വിധേയമാക്കാനും സാധിച്ചു. കേടുപാടുകള്‍ തീര്‍ക്കാന്‍ ആറാഴ്ചയെങ്കിലും എടുക്കുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കകം തകരാറുകള്‍ തീര്‍ത്ത് ഉല്‍പാദനശേഷി പഴയപടിയാക്കി കമ്പനി സാങ്കേതിക ജീവനക്കാര്‍ എല്ലാവരെയും അമ്പരിപ്പിച്ചു.
സൗദികള്‍ ഭയക്കില്ല എന്ന കിരീടാവകാശിയുടെ വാക്കാണ് ഞാന്‍ ഓര്‍ക്കുന്നത്. ഇത്തരമൊരു ആക്രമണങ്ങള്‍ നടക്കുന്ന ലോകത്ത് മറ്റേതു സ്ഥലത്താണെങ്കിലും ആളുകള്‍ ഓടിരക്ഷപ്പെടുമായിരുന്നു. എന്നാല്‍ സൗദി അറാംകൊയില്‍ എല്ലാവരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റുകയും സുരക്ഷാ വാല്‍വുകള്‍ അടക്കുകയും ചെയ്തതായി എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു.

 

Latest News