രാഹുല്‍ ഗാന്ധിയോട് തെറ്റി ഉദ്ധവ് താക്കറെ, സവര്‍ക്കറെ തൊട്ടത് ഇഷ്ടമായില്ല

മലേഗാവ്- സംഘ്പരിവാര്‍ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കാര്‍ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കണമെന്നും ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ.
ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് മാഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മുസ്ലിം ആധിപത്യമുള്ള ടെക്‌സ്‌റ്റൈല്‍ പട്ടണമായ മാലേഗാവില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ.  രാഹുല്‍ ഗാന്ധിയെ പ്രകോപിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ക്കര്‍ നമ്മുടെ ആരാധനാപാത്രമാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടേണ്ടി വന്നാലും അദ്ദേഹത്തെ അപമാനിക്കുന്നത്  വെച്ചുപൊറുപ്പിക്കനാവില്ല. 14 വര്‍ഷത്തോളം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാവാത്ത പീഡനങ്ങളാണെന്നും  ത്യാഗത്തിന്റെ മറുരൂപമാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് നമ്മള്‍ ഒരുമിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയെ ഉണര്‍ത്തുകയാണ്. നിങ്ങളെ ആളുകള്‍ ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണ്. ഈ സമയം പാഴാക്കാന്‍ അനുവദിച്ചാല്‍ ജനാധിപത്യം ഇല്ലാതാകും. 2024 അവസാന തെരഞ്ഞെടുപ്പായിരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും തന്റെ പേര് ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതിനോടാണ് താക്കറെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ താന്‍ പിന്തുണച്ചിരുന്നതായി താക്കറെ പറഞ്ഞു.
20,000 കോടി രൂപ ആരുടേതാണെന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അതിനു മറപുടി നല്‍കാന്‍ തയാറാകുന്നില്ലെന്ന് താക്കറെ  പറഞ്ഞു.
അദാനി ഷെല്‍ സ്ഥാപനങ്ങളില്‍ ആരാണ് 20,000 കോടി രൂപ നിക്ഷേപിച്ചത്, വ്യവസായി പ്രധാനമന്ത്രിയുമായി എന്താണ് ബന്ധം തുടങ്ങിയ ചോദ്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News