Sorry, you need to enable JavaScript to visit this website.

ഫറോവക്ക് വഴിപാട് നേര്‍ന്ന 2,000 മുട്ടനാടുകളുടെ തലകള്‍ കണ്ടെത്തി

കയ്‌റോ- ഈജിപ്തില്‍ പുരാവസ്തു ഗവേഷകര്‍ ഫറവോന്‍ റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച 2,000ലധികം പുരാതന ആട്ടിന്‍ തലകളുടെ മമ്മി കണ്ടെത്തിയതായി ടൂറിസം, പുരാവസ്തു മന്ത്രാലയം അറിയിച്ചു.
ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകരുടെ സംഘം ക്ഷേത്രങ്ങള്‍ക്കും ശവകുടീരങ്ങള്‍ക്കും പേരുകേട്ട തെക്കന്‍ ഈജിപ്തിലെ അബിഡോസില്‍ നായ്ക്കള്‍, ആട്, പശുക്കള്‍, ഗസല്‍, മംഗൂസ് എന്നിവയുടെ മമ്മികളും പുറത്തെടുത്തു.
റാംസെസ് രണ്ടാമന്റെ മരണത്തിന് ശേഷം 1,000 വര്‍ഷത്തോളം ഫറോവയുടെ ക്ഷേത്രത്തില്‍ ആട്ടിന്‍ തലകള്‍ വഴിപാടായി നല്‍കിയിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന്  അമേരിക്കന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ സമീഹ് ഇസ്‌കന്ദര്‍ പറഞ്ഞു.
ബിസി 1304 മുതല്‍ 1237 വരെ ഏഴ് പതിറ്റാണ്ടോളം റാംസെസ് രണ്ടാമന്‍ ഈജിപ്തില്‍ ഭരണം നടത്തിയിരുന്നു.
റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തെക്കുറിച്ചും ബിസി 2374 നും 2140 നും ഇടയില്‍ അതിന്റെ നിര്‍മ്മാണം മുതല്‍ ബിസി 323 മുതല്‍ 30 വരെ ടോളമിക്ക് കാലഘട്ടം വരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഈജിപ്തിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസ് മേധാവി മോസ്തഫ വസീരി പറഞ്ഞു.
മമ്മി ചെയ്യപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൂടാതെ, ഏകദേശം 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അഞ്ച് മീറ്റര്‍ മതിലുകളുള്ള ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
നിരവധി പ്രതിമകള്‍, പുരാതന വൃക്ഷങ്ങളുടെ അവശിഷ്ടങ്ങള്‍, തുകല്‍ വസ്ത്രങ്ങള്‍, ഷൂകള്‍ എന്നിവയും  കണ്ടെത്തിയിട്ടുണ്ട്.
കയ്‌റോയ്ക്ക് തെക്ക് നൈല്‍ നദിക്കരയില്‍ 435 കിലോമീറ്റര്‍ (270 മൈല്‍) അകലെ സ്ഥിതി ചെയ്യുന്ന അബിഡോസ് ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ടതാണ്.
ഈജിപ്ത് പതിവായി പുതിയ പുതിയ പുരാവസ്തു കണ്ടെത്തലുകള്‍ പ്രഖ്യാപിക്കുന്നുണ്ട്.  ശാസ്ത്രീയമോ ചരിത്രപരമോ ആയ പ്രാധാന്യത്തേക്കാള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രാധാന്യമാണ് ചില നിരീക്ഷകര്‍ ഇതില്‍ കാണുന്നത്.
ഏകദേശം 105 ദശലക്ഷം ജനസംഖ്യയുള്ള ഈജിപ്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.  മൊത്തം ദേശീയോല്‍പാദനത്തിന്റെ 10 ശതമാനം ടൂറിസത്തെ ആശ്രയിക്കുന്നത്. ടൂറിസം മേഖലയില്‍ രണ്ട് ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ കയ്‌റോ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കൊറോണ മഹാമാരിക്ക് മുമ്പ് ഉണ്ടായിരുന്ന 13 ദശലക്ഷം സന്ദര്‍ശകരെ അപേക്ഷിച്ച് 2028 ഓടെ പ്രതിവര്‍ഷം 30 ദശലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നത്.  അതിനിടെ, ഈജിപ്തിലെ പല പുരാവസ്തു കേന്ദ്രങ്ങളും മ്യൂസിയങ്ങളും ജീര്‍ണാവസ്ഥയിലാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News