Sorry, you need to enable JavaScript to visit this website.

ഐ.പി.എൽ മാതൃകയിൽ കേരള ജലമേള വരുന്നു

  • നെഹ്‌റു ട്രോഫി വള്ളംകളി മുതൽ എല്ലാ പ്രധാന വള്ളംകളി മത്സരങ്ങളും ലീഗ് അടിസ്ഥാനത്തിൽ


തിരുവനന്തപുരം - ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതൽ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉൾപ്പെടുത്തി ഐ.പി.എൽ മാതൃകയിൽ 15 കോടി ചെലവഴിച്ച് സംസ്ഥാനത്തെ ജലമേളകൾ ലീഗടിസ്ഥാനത്തിൽ സർക്കാർ സംഘടിപ്പിക്കും.
കേരള ബോട്ട് റേസ് ലീഗ് എന്ന വിപുലമായ ജലമേളയിൽ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങൾ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തിൽ ഉൾപ്പെടുത്തും. 
2018 ഓഗസ്റ്റ് 11 മുതൽ നവംബർ ഒന്നുവരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 
ഓഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടർ ലീഗ് മത്സരങ്ങൾ നടത്തും. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുക. 
മത്സര തീയതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രചാരണം നടത്തും. ഓഗസ്റ്റ് 11 ന് നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബർ ഒന്നിന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ സമാപിക്കുന്ന കേരള ബോട്ട് റേസ് ലീഗിൽ 12 മത്സരങ്ങളാണ് ഉണ്ടാകുക. നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന 20 ചുണ്ടൻ വള്ളങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് തുടർന്നുള്ള ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുക. 
ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂർ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജലമഹോത്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മത്സരങ്ങൾ നടത്തുക.
ലീഗിൽ യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും ഓരോ വേദിക്കും ബോണസായി നാലു ലക്ഷം രൂപ വീതം നൽകും. ഓരോ ലീഗ് മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ സമ്മാനത്തുകയും ഉണ്ടാകും. കേരള ബോട്ട് റേസ് ലീഗ് അന്തിമ ജേതാക്കൾക്ക് ആറ് ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. എല്ലാ മത്സരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്‌സ് മുതൽ പങ്കെടുക്കേണ്ടതാണെന്നും തുഴച്ചിലുകാരിൽ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.
15 കോടിയോളം രൂപയാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന് വേണ്ടിവരിക. ഇതിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്‌പോൺസർഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടി വരും. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലും, ജലോത്സവങ്ങൾക്കും ആവേശം പകരാൻ ഐപിഎൽ മാതൃകയിലുള്ള കേരള ബോട്ട് റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ എംഎൽഎമാരായ തോമസ് ചാണ്ടി, എം. മുകേഷ്, അനൂപ് ജേക്കബ്, കോവൂർ കുഞ്ഞുമോൻ, പ്രതിഭ, മുൻ എംഎൽഎമാരായ സി.കെ സദാശിവൻ, കെ.കെ ഷാജു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.

 


 

Latest News